ആധാര്‍ സേവാകേന്ദ്രത്തില്‍ പോകാതെ ഓണ്‍ലൈനായി കാർഡ് പുതുക്കാനുള്ള സൗകര്യമൊരുക്കി യുഐഡിഎഐ

കോവിഡ് സാഹചര്യത്തിൽ ആധാര്‍ സേവാകേന്ദ്രത്തില്‍ പോയി കാര്‍ഡില്‍ മാറ്റം വരുത്താന്‍ സാധിക്കാത്തത് കണക്കിലെടുത്ത് വീട്ടിലിരുന്നും രേഖകള്‍ ഓണ്‍ലൈനായി പുതുക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ). പേര്, ജനന തിയതി, ലിംഗം, വിലാസം, ഭാഷ എന്നിവ പുതുക്കാന്‍ ഇനി ആധാര്‍ സേവാകേന്ദ്രങ്ങളില്‍ പോകേണ്ടതില്ല. എന്നാൽ ബയോമെട്രിക് ഉള്‍പ്പടെയുള്ളവയ്ക്ക് സേവനകേന്ദ്രങ്ങളുടെ സഹായം തേടേണ്ടിവരും.

ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പുതുക്കാന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാണ്. മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കിയാല്‍ മാത്രമെ പുതുക്കല്‍ സാധ്യമാകൂ. ആധാറില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറും ഇ-മെയിലും പരിശോധിക്കുന്നതിന് യുഐഡിഎഐയുടെ വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്. സൈറ്റില്‍ ആധാര്‍ നമ്പര്‍, ഇ-മെയില്‍ വിലാസമോ മൊബൈല്‍ നമ്പറോ നല്‍കി സെക്യൂരിറ്റി കോഡ് ടൈപ്പ് ചെയ്യുക. ഉടനെ ഇ-മെയിലില്‍ ഒടിപി ലഭിക്കും. നിശ്ചിത സ്ഥലത്ത് ഒടിപി നല്‍കിക്കഴിഞ്ഞാല്‍ പരിശോധനയ്ക്കുശേഷം ഇ-മെയില്‍ സ്ഥിരികരിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിക്കും. അതുപോലെ മൊബൈല്‍ നമ്പര്‍ പരിശോധിക്കാന്‍, ഇ-മെയിലിനുപകരം മൊബൈല്‍ നമ്പര്‍ നല്‍കാം. ഒടിപി നല്‍കി ഇക്കാര്യവും സ്ഥിരീകരിക്കാം.

Top