ന്യൂഡല്‍ഹി: ജനങ്ങളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ അതിസുരക്ഷയിലാണ് സൂക്ഷിക്കുന്നതെന്നും പ്രപഞ്ചം നിലനില്‍ക്കുന്നിടത്തോളം കാലം അവ സുരക്ഷിതമായിരിക്കുമെന്നും യൂണിക് ഐഡന്റിഫിക്കേഷണ്‍ അതോറിറ്റി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ).
സുപ്രീംകോടതിയിലെ പവര്‍ പോയിന്റ് പ്രസന്റേഷനില്‍ യുഐഡിഎഐ സിഇഒയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബയോമെട്രിക് വെരിഫൈ ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നില്ലേയെന്ന് കോടതി ആരാഞ്ഞു. എന്തുകൊണ്ടാണ് 49,000 സ്വകാര്യ എന്റോള്‍മെന്റ് ഏജന്‍സികളുടെ അംഗീകാരം റദ്ദാക്കിയതെന്നും കോടതി ചോദിച്ചു. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ആധാര്‍ പരിഹാരമല്ലെന്നും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടാന്‍ കാരണം സംവിധാനത്തിന്റെ മനോഭാവമെന്നും യുഐഡിഎഐ അറിയിച്ചു.
ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച് യുഐഡിഎഐക്ക് വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടര മണിയ്ക്ക് കോടതി മുറിയില്‍ പവര്‍പോയിന്റ് അവതരണം നടത്തി. അറ്റോര്‍ണി ജനറലിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സുപ്രീംകോടതി വിശദീകരണം നല്‍കാന്‍ അനുമതി നല്‍കിയത്.
സ്വകാര്യതയുടെ പേരു പറഞ്ഞ് രാജ്യത്തെ മുപ്പത് കോടി ദരിദ്രരുടെ ഭക്ഷണത്തിനും ജീവിക്കാനുമുളള മൗലികാവകാശം ലംഘിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ നിലപാടെടുത്തിരുന്നു. ആധാര്‍കാര്‍ഡിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.