ലണ്ടന്‍: വ്യോമാതിര്‍ത്തിയിലെത്തുന്ന ഡ്രോണ്‍ പോലുള്ള നുഴഞ്ഞുകയറ്റങ്ങളെ വെടിവെച്ചുവീഴ്ത്താന്‍ അത്യാധുനിക ലേസര്‍ ആയുധവുമായി യു.കെ. പ്രതിരോധസേന. ‘ഡ്രാഗണ്‍ഫയര്‍’ (DragonFire) എന്ന ഈ ആയുധത്തിന്റെ പരീക്ഷണദൃശ്യങ്ങള്‍ യു.കെ. പ്രതിരോധമന്ത്രാലയം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.
ആര്‍മിയും റോയല്‍ നേവിയും തങ്ങളുടെ ഭാവി സൈനികനീക്കങ്ങളില്‍ ഡ്രാഗണ്‍ഫയര്‍ ഉപയോഗപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഡ്രാഗണ്‍ഫയറിന്റെ പരമാവധി റേഞ്ച് എത്രയാണെന്ന് പ്രതിരോധമന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.ഡയറക്ടഡ് എനര്‍ജി വെപണ്‍സ്(directed energy weapons) ഉയര്‍ത്തുന്ന വെല്ലുവിളികളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള നൂതനചുവടുവെപ്പിനാണ് പതിയ ആയുധത്തിന്റെ പരീക്ഷണം വഴിയൊരുക്കിയിരിക്കുന്നതെന്ന് യു.കെ. ഡിഫന്‍സ് സയന്‍സ് ആന്‍ഡ് ടെക്നോളജ് ലബോറട്ടറി മേധാവി പോള്‍ ഹോളിന്‍ഷീഡ് പറഞ്ഞു.
ലേസര്‍ ആയുധം വികസിപ്പിച്ചതിലൂടെ യു.എസ്., ജര്‍മനി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുടെ നിരയിലേക്ക് യു.കെ. എത്തിയിരിക്കുകയാണ്. ഡ്രോണുകളും മിസൈലുകളും വെടിവെച്ചിടാന്‍ ഈ രാജ്യങ്ങള്‍ ലേസര്‍ ആയുധങ്ങള്‍ നേരത്തെ വികസിപ്പിച്ചിരുന്നു. സൈനികാക്രമണങ്ങള്‍ക്കായി ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതിനുപിന്നാലെ, പ്രത്യേകിച്ച് റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ലേസര്‍ ആയുധങ്ങള്‍ ലോകരാഷ്ട്രങ്ങളുടെ ഗൗരവമായ പരിഗണനയിലുണ്ട്.സ്‌കോട്ലന്‍ഡിലെ ഹെര്‍ബ്രിഡ്സ് റേഞ്ചില്‍ ജനുവരിയിലായിരുന്നു ഡ്രാഗണ്‍ഫയറിന്റെ ആദ്യപരീക്ഷണം. ആയുധനിര്‍മാണത്തിനും ഉപയോഗത്തിനുമുള്ള ചെലവ് കുറയ്ക്കുന്നതിനൊപ്പം നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാനും ഈ ആയുധം ഉപയോഗപ്പെടുമെന്ന് ആദ്യപരീക്ഷണം വിജയിച്ചതിന് പിന്നാലെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു.