കശ്മീര്‍ പ്രശ്‌നം: വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ബ്രിട്ടനും ജര്‍മനിയും

ലണ്ടന്‍: കശ്മീരിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ബ്രിട്ടനും ജര്‍മനിയും. ഭീകരവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലെ സുരക്ഷ ശക്തമാക്കിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്.

അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ ജര്‍മന്‍ പൗരന്മാര്‍ക്ക് കശ്മീരിലേക്ക് പോകുന്നത് നിരുത്സാഹപ്പെടുത്തുന്നുവെന്ന് ജര്‍മനി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ കശ്മീരിലുള്ളവര്‍ എത്രയുംവേഗം അവിടം വിടണമെന്നും ജര്‍മനി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സുരക്ഷാ കാരണങ്ങളാല്‍ അമര്‍നാഥ് യാത്ര നിര്‍ത്തിവെക്കുകയും തീര്‍ഥാടകര്‍ എത്രയുംവേഗം താഴ്വരയില്‍നിന്ന് മടങ്ങിപ്പോകണമെന്ന് കശ്മീര്‍ ഭരണകൂടം നിര്‍ദ്ദേശിക്കുകയും ചെയ്തതിന് പിന്നാലെയാണ് യു.കെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് ജാഗ്രതാ നിര്‍ദ്ദേശം പുറപപ്പെടുവിച്ചത്. കശ്മീരിലെ പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദയാത്ര പോകരുതെന്ന് ബ്രിട്ടന്‍ നേരത്തെതന്നെ പൗരന്മാരോട് നിര്‍ദ്ദേശിച്ചിരുന്നു.

ഇന്ത്യയിലുള്ള ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണന്നും കശ്മരില്‍ ഉള്ളവര്‍ സുരക്ഷാ മര്‍ഗനിര്‍ദ്ദേശങ്ങള്‍ ഗൗരവമായി പിന്തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. പാക്കിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് പോകരുതെന്നും ജമ്മു – ശ്രീനഗര്‍ ഹൈവേയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ബ്രിട്ടന്‍ പൗരന്മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top