uk muslim woman detained for reading syria art book on plane

ലണ്ടന്‍: വിമാനയാത്രയ്ക്കിടെ സിറിയന്‍ കലകളെക്കുറിച്ചുള്ള പുസ്തകം വായിച്ചുകൊണ്ടിരുന്ന മുസ്‌ലിം സ്ത്രീയെ പൊലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു.

അടുത്തിടെ വിവാഹിതയായ ഫൈസ ഷഹീന്‍ എന്ന സ്ത്രീയ്ക്കാണ് പുസ്തകം വായിച്ച കുറ്റത്തിന് മാനസിക പീഡനം ഏല്‍ക്കേണ്ടിവന്നത്.

മര്‍മറീസിലേക്കുള്ള ഷഹീന്റെ ഹണീമൂണ്‍ യാത്രയ്ക്കിടെയാണ് സംഭവം. യാത്രയ്ക്കിടയില്‍ സിറിയന്‍ കലകളെക്കുറിച്ചുള്ള പുസ്തകം ഷഹീന്‍ വായിക്കുന്നത് ശ്രദ്ധിച്ച ജീവനക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്.

ഡോണ്‍കാസ്റ്റര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ അവരെ പോലീസ് വിശദമായി ചോദ്യംചെയ്തു. ഒരു പുസ്തകം പോലും വായിക്കുന്നത് ആളുകളെ സംശയിക്കാന്‍ കാരണമാകുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ലെന്ന് അവര്‍ പിന്നീട് പ്രതികരിച്ചു.

‘സിറിയ സ്പീക്‌സ്: ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഫ്രം ദ ഫ്രണ്ട്‌ലൈന്‍’ എന്ന പുസ്തകം വായിച്ചതാണ് അവര്‍ക്ക് വിനയായത്. യു.കെ ആരോഗ്യവകുപ്പിന് കീഴില്‍ ജോലിചെയ്യുകയാണ് ഷഹീന്‍.

സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് തോംസണ്‍ ഹോളീഡെയ്‌സ് വക്താവ് പറഞ്ഞു. ഷഹീനെ അറസ്റ്റ് ചെയ്തില്ല കേവലം 15 മിനിറ്റ് നേരം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വിട്ടയച്ചുവെന്ന് സൗത്ത് യോര്‍ക്ക്ഷയര്‍ പൊലീസ് അറിയിച്ചു.

Top