പരിഷ്‌കരിച്ച ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി

ലണ്ടന്‍: പ്രധാനമന്ത്രി തെരേസ മേയ്ക്ക് തിരിച്ചടി നല്‍കി ബ്രെക്‌സിറ്റ് കരാറിന്‍മേലുള്ള ധാരണകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളി. ഇത് മൂന്നാംതവണയാണ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളുന്നത്. 286ന് എതിരെ 344 വോട്ടുകള്‍ക്കാണ് ബ്രെക്‌സിറ്റ് ധാരണ തള്ളിയത്.

അതേസമയം കരാര്‍ പാസായില്ലെങ്കില്‍ പ്രധാനമന്ത്രി തെരേസ മേയ് രാജിവയ്ക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.അതിനാല്‍ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഇന്നത്തെ വോട്ടെടുപ്പ്.

മുന്‍പ് രണ്ടുതവണ മേയുടെ കരാര്‍ പാര്‍ലമെന്റ് തള്ളിയിരുന്നു. നേരത്തെ അവതരിപ്പിച്ചു പരാജയപ്പെട്ടവയില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പുതിയ കരാര്‍ സഭയില്‍ വോട്ടിനിടുകയുള്ളു എന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മേയുടെ കരാര്‍ തള്ളി ബ്രിട്ടീഷ് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം നിരവധി ബദല്‍ സാധ്യതകള്‍ അവതരപ്പിച്ചിരുന്നെങ്കിലും ഒന്നിനു പോലും ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ല. യൂറോപ്യന്‍ യൂണിയനില്‍ നിന്നു കരാറില്ലാതെ പിന്മാറുക, ബ്രെക്‌സിറ്റ് നടപ്പാക്കിയാലും യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയനിലും പൊതുവിപണിയിലും തുടരുക, രണ്ടാം ഹിതപരിശോധന നടത്തുക, കരാറിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ ബ്രെക്‌സിറ്റ് ഉപേക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളാണ് ഇന്നലെ ചര്‍ച്ചകളില്‍ വന്നത്. ഇതെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് മൂന്നാമതും തെരേസാ മേ തന്നെ പരിഷ്‌കരിച്ച കരാര്‍ അവതരിപ്പിച്ചത്.

Top