ന്യൂഡല്‍ഹി: പാക്ക് സഹായത്തോടെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിട്ടും പാക്ക് ഹൈക്കമ്മീഷണറെ പോലും പുറത്താക്കാത്ത ഇന്ത്യക്ക് കണ്ട് പഠിക്കാന്‍ ഒരു ബ്രിട്ടീഷ് മാതൃക.
കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരെ അപമാനിക്കുന്ന ട്വിറ്റുകള്‍ പോസ്റ്റ് ചെയ്ത പാക്ക് നടനെ ബ്രിട്ടീഷ് ടിവി പരമ്പരയില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തന്നെ പുറത്താക്കിയാണ് അധികൃതര്‍ മറുപടി നല്‍കിയത്.
ഐടിവി നെറ്റ് വര്‍ക്ക് സംപ്രേഷണം ചെയ്യുന്ന ‘കൊറോനേഷന്‍ സ്ട്രീറ്റ്’ പരമ്പരയിലെ നടന്‍ മാര്‍ക്ക് അന്‍വറിനെയാണ് പുറത്താക്കിയത്.
ഈ സൂപ്പര്‍ഹിറ്റ് പരിപാടിയില്‍ കഴിഞ്ഞ രണ്ടരവര്‍ഷമായി ഷരീഫ് നസീര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരുന്ന മാര്‍ക്കിനെ പുറത്താക്കുന്നത് പരമ്പരക്ക് വന്‍ തിരിച്ചടിയാണെങ്കിലും ഇന്ത്യക്കാരെ അപമാനിച്ച നടനെ വെറുതെ വിടേണ്ടതില്ലെന്ന് ബ്രിട്ടീഷ് ടിവി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ഉറിയില്‍ രക്തപ്പുഴ ഒഴുകി 9 ദിവസം പിന്നിട്ടിട്ടും പാക്ക് ഹൈക്കമ്മീഷണറെ പോലും തിരിച്ചയച്ച് പ്രതിഷേധിക്കാന്‍ ചങ്കൂറ്റം കാണിക്കാതിരിക്കുന്ന കേന്ദ്രസര്‍ക്കാരിന് കണ്ട് പഠിക്കാനുള്ള ഒരു പാഠമാണ് ഈ സംഭവമെന്നാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന കമന്റുകള്‍.
ഉറി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനിലെ ഹൈക്കമ്മീഷണറെ തിരിച്ച് വിളിക്കുമെന്നും ഡല്‍ഹിയില്‍ നിന്ന് പാക്ക് ഹൈക്കമ്മീഷണറോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് പ്രതിഷേധിക്കുമെന്നുമായിരുന്നു എല്ലാവരും കരുതിയിരുന്നത്.
രാജ്യത്തിനെതിരെ നടന്ന ആക്രമണം പൊറുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നേരിട്ട് പാക്കിസ്ഥാനുമായി യുദ്ധത്തിനില്ലെന്ന സന്ദേശമാണ് കോഴിക്കോട്ടെ പ്രതികരണത്തില്‍ അദ്ദേഹം നല്‍കിയിരുന്നത്.
പാക്കിസ്ഥാനുമായി യുദ്ധം ചെയ്തില്ലെങ്കിലും ഹൈക്കമ്മീഷണറെ പുറത്താക്കിയെങ്കിലും ഇന്ത്യക്ക് മറുപടി നല്‍കാമായിരുന്നുവെന്ന വികാരമാണ് ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഉള്ളത്.
ഇന്ത്യന്‍ ജനതയുടെ ആത്മരോഷം കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെങ്കിലും ബ്രിട്ടീഷുകാര്‍ ‘കണ്ടു’ എന്നതില്‍ ആശ്വസിക്കാം.
ബ്രിട്ടണ്‍ ചാനലിനെ സംബന്ധിച്ച് അവര്‍ക്ക് എടുക്കാന്‍ പറ്റുന്ന പരമാവധി നടപടിയാണ് പുറത്താക്കല്‍. ഇന്ത്യക്കാരെ വിമര്‍ശിച്ചതിന് അവര്‍ അത് നടപ്പാക്കി. പക്ഷേ… ഇന്ത്യന്‍ സൈനീകരെ ആക്രമിച്ച് കൊലപ്പെടുത്തിയ പാക്ക് ഭീകരതക്കെതിരെ നമ്മള്‍ എന്ത് ചെയ്തു ? ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ചോദ്യം.