രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത വിദേശസഞ്ചാരികള്‍ക്ക് കൊവിഡ് ടെസ്റ്റ് ഒഴിവാക്കാന്‍ ബ്രിട്ടന്‍

ലണ്ടന്‍: രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത വിദേശസഞ്ചാരികളെ നിര്‍ബന്ധിത കൊവിഡ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ച് ബ്രിട്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അതേസമയം എന്ന് മുതലാണ് പുതിയ തീരുമാനം നടപ്പിലാകുക എന്ന കാര്യം പ്രധാനമന്ത്രി വ്യക്തമാക്കിയില്ല.

നിലവില്‍ ബ്രിട്ടന്‍ സഞ്ചരിക്കുന്ന എല്ലാ വിദേശസഞ്ചാരികളും നിര്‍ബന്ധിത കൊവിഡ് ടെസ്റ്റ് എടുത്ത് നെഗറ്റീവ് സര്‍ട്ടീഫിക്കറ്റ് ഹാജരാക്കണം. വാക്‌സിന്‍ എടുത്തവര്‍ക്കും ഈ നിബന്ധന ബാധകമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബ്രിട്ടനിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇതിനാല്‍ കൂടിയാണ് ബ്രിട്ടനിലെ ഭരണകൂടം ഇത്തരമൊരു തീരുമാനം എടുക്കാന്‍ സന്നദ്ധരായതെന്നും കരുതുന്നു.

ബ്രിട്ടന്‍ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുന്നു എന്ന പ്രതീതി ജനിപ്പിക്കേണ്ടത് രാജ്യത്തെ സാമ്പത്തികസ്ഥിതി മെച്ചമാക്കുന്നതില്‍ നിര്‍ണായകമാണെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. എന്നാല്‍ പുതിയ തീരുമാനത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ പ്രധാനമന്ത്രി തയ്യാറായില്ല. ബ്രിട്ടന്റെ ഗതാഗതമന്ത്രി ഇതിന്റെ വിശദവിവരങ്ങള്‍ പാര്‍ലമെന്റില്‍ ഉടന്‍ അറിയിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

Top