ലണ്ടന്‍: എന്‍എച്ച്എസിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കെയര്‍റര്‍മാര്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന ഹെല്‍ത്ത് സര്‍ചാര്‍ജ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍ സര്‍ക്കാരിന്റെ തീരുമാനം. സര്‍ചാര്‍ജ് പിന്‍വലിക്കില്ലെന്നായിരുന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ ഇതിനോട് ഭരണപക്ഷ എംപിമാരില്‍നിന്നുപോലും സമ്മര്‍ദവും പ്രതിഷേധവും ഏറിയതോടെയാണ് സര്‍ചാര്‍ജ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എത്രയും വേഗം സര്‍ചാര്‍ജ് പിന്‍വലിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കാന്‍ ഹോം ഓഫിസിനും ആരോഗ്യമന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചിട്ടുണ്ട്.
ബ്രിട്ടനിലെ വിദേശ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് സര്‍ചാര്‍ജ് അതേപടി നിലനിര്‍ത്തുമെന്നും ഇതിലൂടെ ലഭിക്കുന്ന തൊള്ളായിരം മില്യണ്‍ പൗണ്ട് ഒഴിവാക്കാന്‍ ആകില്ലെന്നുമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ അറിയിച്ചത്. ഈ തുക കണ്ടെത്താന്‍ മറ്റൊരു സ്രോതസ് ഇല്ലാത്തതിനാല്‍ തല്‍കാലം ഇത് തുടരാതെ നിവൃത്തിയില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് കെയ്ര്‍ സ്റ്റാമറിന്റെ ചോദ്യത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടി.
കൊറോണ രാജ്യം മുഴുവന്‍ ആളിപ്പടരുമ്പോള്‍ അതിനെതിരേ മുന്നില്‍നിന്ന് പടനയിച്ചത് വിദേശ നഴ്‌സുമാരും ഡോക്ടര്‍മാരുമാണ്. നിരവധി വിദേശ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കെയര്‍റര്‍മാര്‍ക്കും ഈ പോരാട്ടത്തില്‍ ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ് രണ്ടാഴ്ചമുമ്പ് ഹെല്‍ത്ത് സര്‍ചാര്‍ജ് പുന:പരിശോധിക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ തന്നെ പതിവ് കൊറോണ ബ്രീഫിങ്ങിനിടെ വ്യക്തമാക്കിയത്.
സര്‍ചാര്‍ജ് പിന്‍വലിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് എന്‍എച്ച്എസിലെ കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ആശ്വാസമാകുന്നത്.പിന്നീട് ഇത് സാധ്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനവുമായി ഭരണപക്ഷം തന്നെ രംഗത്ത് എത്തിയിരുന്നു.
എന്‍എച്ച്എസിന്റെ ഹെല്‍ത്ത് സര്‍വീസ് ഉപയോഗിക്കുന്നതിനാണ് കുടിയേറ്റ തൊഴിലാളികളില്‍ നിന്നും സര്‍ചാര്‍ജ് ഈടാക്കുന്നത്. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നും എത്തിയിട്ടുള്ള നഴ്‌സുമാരും ഡോക്ടര്‍മാരും നിലവില്‍ വര്‍ഷം തോറും 400 പൗണ്ടാണ് ഹെല്‍ത്ത് സര്‍ചാര്‍ജ് നല്‍കുന്നത്. ഇത് ഒക്ടോബര്‍ മുതല്‍ 624 പൗണ്ടായി ഉയര്‍ത്താനും കഴിഞ്ഞ ബജറ്റില്‍ തീരുമാനിച്ചിരുന്നു. നാല് അംഗങ്ങളുള്ള ഒരു നഴ്‌സിന്റെ കുടുബത്തിന് നിലവിലെ നിരക്കനുസരിച്ച് 1600 പൗണ്ടും പുതുക്കിയ നിരക്കനുസരിച്ച് ഒക്ടോബര്‍ മുതല്‍ 2500 പൗണ്ടുമാണ് സര്‍ചാര്‍ജ് നല്‍കേണ്ടത്.
ഇത് ഒഴിവാക്കുന്നത് ഇന്ത്യയില്‍നിന്നും ഉള്‍പ്പെടെ പുതുതായി ജോലിക്കെത്തുന്നവര്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നു. പരമാവധി 25,000 പൗണ്ടുവരെ മാത്രം ശമ്പളം ലഭിക്കുന്ന നഴ്‌സുമാരും ജൂനിയര്‍ ഡോക്ടര്‍മാരുമാണ് ഇപ്പോള്‍ വലിയൊരു തുക സര്‍ചാര്‍ജ് നല്‍കി കഷ്ടപ്പെടുന്നത്. നിലവില്‍ ഒരുലക്ഷത്തി അമ്പത്തി മൂവായിരം കുടിയേറ്റ തൊഴിലാളികളാണ് വീസാ കാലവധി തീരുംവരെയുള്ള സര്‍ചാര്‍ജ് മുന്‍കൂറായി നല്‍കി ബ്രിട്ടനില്‍ കഴിയുന്നത്. ഇതില്‍ മഹാഭൂരിപക്ഷവും ആരോഗ്യമേഖലയില്‍ പണിയെടുക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമാണ്.