കീവ്: ഫെബ്രുവരി 24ന് അധിനിവേശം ആരംഭിച്ചത് മുതല്‍ ഇന്ന് രാവിലെ ഒന്‍പത് വരെയുള്ള കണക്കുകള്‍ പ്രകാരം പതിനായിരത്തിലേറെ റഷ്യന്‍ സൈനികരെ വധിച്ചതായി യുക്രെന്‍. 39 യുദ്ധ വിമാനങ്ങളും 40 ഹെലിക്കോപ്റ്ററുകളും ഇതുവരെ തങ്ങള്‍ നശിപ്പിച്ചതായി യുക്രെന്‍ അവകാശപ്പെട്ടു. യുക്രെനിയന്‍ മാധ്യമമായ ദി കീവ് ഇന്‍ഡിപെന്‍ഡന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
269 ടാങ്കുകളും 105 പീരങ്കിയുടെ ഭാഗങ്ങളും 945 ആയുധവാഹിനികളും രണ്ട് ബോട്ടുകളും 409 കാറുകളും 60 ഇന്ധന ടാങ്കുകളും മൂന്ന് ഡ്രോണുകളും നശിപ്പിച്ചതായും യുക്രെന്‍ അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം യുക്രെനിയന്‍ പ്രതിരോധത്തില്‍ റഷ്യന്‍ മേജര്‍ ജനറല്‍ ആന്ദ്രേ സുഖോവ്‌സ്‌കി കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ റഷ്യന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഏതാനും റഷ്യന്‍ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ കര്‍ശന നടപടിയുമായി റഷ്യ രംഗത്തെത്തിയിരുന്നു.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷ നടപ്പാക്കുന്നതിനുള്ള നിയമത്തില്‍ ഇതിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഒപ്പുവെച്ചു.
യുക്രെനില്‍ റഷ്യന്‍ സൈനികര്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ സൈന്യത്തെ കുറിച്ച് പല രീതികളിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തിലാണ് നടപടിയെന്നായിരുന്നു റഷ്യന്‍ അധികൃതര്‍ അറിയിച്ചത്.