സഖ്യകക്ഷികളിൽ നിന്ന് കൂടുതൽ ആയുധങ്ങൾ ഉക്രെയ്‌ൻ പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. റഷ്യൻ സൈന്യം ഇപ്പോൾ ഉക്രെയ്നിന്റെ 20% പ്രദേശം കൈവശപ്പെടുത്തി കഴിഞ്ഞെന്നും സെലെൻസ്‌കി പറഞ്ഞു.
സൈന്യം ലുഹൻസ്‌കും ഡൊനെറ്റ്‌സ്കും ഉൾപ്പെടുന്ന വ്യാവസായിക ഡോൺബാസ് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൽക്കരി ഉൽപ്പാദിപ്പിക്കുന്ന പട്ടണമായ അവ്ദിവ്കയിൽ രണ്ട് പേർ ഉൾപ്പെടെ ഡൊനെറ്റ്സ്കിൽ മൂന്ന് സിവിലിയന്മാർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗവർണർ പാവ്ലോ കിറിലെങ്കോ പറഞ്ഞു.
ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും നഗരങ്ങളെ നിരപ്പാക്കുകയും 6 ദശലക്ഷത്തിലധികം ആളുകളെ വിദേശത്തേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്ത യുദ്ധത്തെ ചെറുത്തുതോൽപ്പിക്കാൻ മുഴുവസൻ സഖ്യകക്ഷികളും ഉക്രൈനോടൊപ്പം അണിനിരക്കേണ്ടത് അനിവാര്യമാണെന്ന് സെലെൻസ്‌കി ചൂണ്ടിക്കാട്ടി.