കീവ്: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുക്രൈന്‍ രക്ഷാദൗത്യ വിമാനം റാഞ്ചി എന്ന വാര്‍ത്ത യുക്രൈന്‍ വിദേശകാര്യ മന്ത്രാലയവും ഇറാന്‍ ഏവിയേഷനും നിഷേധിച്ചു. അഫ്ഗാനിസ്ഥാനിലെത്തിയ യുക്രൈന്റെ രക്ഷാദൗത്യ വിമാനം റാഞ്ചി എന്നായിരുന്നു നേരത്തെ പുറത്തു വന്ന വാര്‍ത്തകള്‍.
യുക്രൈന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി യേവ്‌ജെനി യാനിനെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സികളായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റാഞ്ചിയ വിമാനം പിന്നീട് ഇറാനില്‍ ഇറക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്ത തള്ളി രംഗത്തെത്തിയിരിക്കുകയാണ് യുക്രൈന്‍ വിദേശകാര്യമന്ത്രാലയവും ഇറാന്‍ വ്യോമയാന വക്താവും.
ഇന്നലെ രാത്രി യുക്രൈന്‍ വിമാനം ഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മഷ്ഹദില്‍ നിര്‍ത്തിയിരുന്നു. പിന്നീട് വിമാനം യുക്രൈയിനിലേക്ക് പോവുകയായിരുന്നുവെന്ന് ഇറാന്‍ വ്യോമയാന വക്താവ് പറഞ്ഞു. വിമാനം ഇപ്പോള്‍ കീവില്‍ ഇറങ്ങിയിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്ന് യുക്രൈന്‍ പൗരന്മാരെ ഉള്‍പ്പെടുത്താതെ, ആയുധധാരികളായ ഒരു കൂട്ടം ആളുകള്‍ വിമാനം റാഞ്ചി എന്നായിരുന്നു ന്യൂസ് ഏജന്‍സിയായ ടി.എ.എസ്.എസ് റിപ്പോര്‍ട്ട് ചെയ്തത്. വിമാനം കണ്ടെത്താന്‍ വേണ്ടി യുക്രൈന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും യേവ്‌ജെനി യാനിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് ഇറാന്‍ വ്യോമയാന വിഭാഗവും യുക്രൈനും രംഗത്തെത്തിയത്.