ന്യൂഡല്‍ഹി: യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതില്‍, ഏറ്റവും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച സംസ്ഥാനമായി കേരളം. വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. യുക്രെയിനില്‍ കുടുങ്ങിയവരില്‍ നല്ലൊരു വിഭാഗവും മലയാളികള്‍ ആണ് എന്നത് കേരള സര്‍ക്കാറിന്റെയും നോര്‍ക്കയുടെയും ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നതാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നോര്‍ക്ക വെസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമാണ്.
ഡല്‍ഹിയിലെ കേരള പ്രതിനിധിയായ വേണു രാജാമണിയും, കേരള സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം ശക്തമായ ഇടപെടലാണ് നടത്തിയിരുന്നത്. മുന്‍ ഐ.എഫ്.എസ് ഓഫീസറായ രാജാമണി തന്റെ നയതന്ത്ര രംഗത്തെ ബന്ധങ്ങളും മലയാളി വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാന്‍ ഉപയോഗപ്പെടുത്തുകയുണ്ടായി.
യുക്രെയിനിലെ യുദ്ധ പശ്ചാത്തലത്തില്‍, അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ആദ്യമായി കത്തയച്ച സംസ്ഥാനവും കേരളമാണ്. തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുകയും ചെയ്തു.
മലയാളികളുടെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസിക്കും വിദേശകാര്യ മന്ത്രാലയത്തിനും യഥാസമയം കൈമാറിയതും തിരിച്ചു എത്തിക്കുന്ന ദൗത്യത്തിന് ഏറെ സഹായകരമായി. യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളികള്‍ക്കും നാട്ടിലുള്ളവര്‍ക്കും ബന്ധപ്പെടാന്‍ നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയ ഹെല്‍പ്പ് നമ്പറിലേക്ക് (18004253939) നിരവധി പേരാണ് ബന്ധപ്പെട്ടിരുന്നത്.
തുടര്‍ന്ന്, നോര്‍ക്ക സെന്ററില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറക്കുകയുണ്ടായി. എല്ലാറ്റിനും മേല്‍നോട്ടം വഹിക്കാന്‍ ഇരുപത്തിനാല് മണിക്കൂറും നോര്‍ക്കയിലെ ഉദ്യോഗസ്ഥര്‍ കര്‍മ്മ നിരതരായിരുന്നു. ഡല്‍ഹിയിലെത്തുന്നവര്‍ക്കായി കേരളഹൗസില്‍ പ്രത്യേക സൗകര്യവും നോര്‍ക്ക അധികൃതര്‍ ഇടപെട്ട് നടത്തുകയുണ്ടായി.
തിരിച്ചെത്തുന്നവരെ വീട്ടില്‍ എത്തിക്കാനും നോര്‍ക്ക വലിയ സഹായമാണ് ചെയ്തിരിക്കുന്നത്. സ്വീകരിക്കാന്‍ വനിതകള്‍ ഉള്‍പ്പെടെ പ്രത്യേകസംഘത്തെ തന്നെ നിയോഗിക്കുകയുണ്ടായി. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ബസ് സര്‍വീസും ഏര്‍പ്പെടുത്തി.
കേരളത്തിലെ 4 വിമാനത്താവളങ്ങളിലും കര്‍മ്മനിരതരായി നോര്‍ക്കയുടെ പ്രത്യേക ടീമുകള്‍ നിലയുറപ്പിച്ചു എന്നു മാത്രമല്ല. മുംബൈയിലും ഡല്‍ഹിയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സംഘത്തെയും നോര്‍ക്ക നിയോഗിച്ചിട്ടുണ്ട്
തിരിച്ചെത്തുന്നവരെ നാട്ടിലെത്തിക്കാന്‍ ഡല്‍ഹിയില്‍ നിന്നും ചാര്‍ട്ടേഡ് വിമാനങ്ങള്‍. കേരളത്തിലേക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ തുടങ്ങി നോര്‍ക്കയുടെ സേവനങ്ങള്‍ ഏറെ നീളുന്നതാണ്. മാര്‍ച്ച് 3 വരെ മാത്രം നാട്ടിലെത്തിച്ചത് 550 മലയാളികളെയാണ്.
കേന്ദ്ര സര്‍ക്കാറിന്റെ ‘ഓപ്പറേഷന്‍ ഗംഗ’യുടെ ഭാഗമായി രാജ്യത്തേക്ക് എത്തിച്ചവരാണിവര്‍. 193 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്ക് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ 166 പേരും മുംബൈയില്‍നിന്ന് എത്തിയ 15 പേരും ഇന്നലെ ഡല്‍ഹിയില്‍നിന്നു പുറപ്പെട്ട 12 പേരും വീടുകളില്‍ എത്തിക്കഴിഞ്ഞു.
യുക്രെയിനില്‍നിന്നു കൂടുതലായി മലയാളികള്‍ എത്തുന്ന സാഹചര്യത്തിലാണ് അതിവേഗത്തില്‍ ഇവരെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. തിരികെ എത്തിയവരെ അവരവരുടെ സ്വദേശങ്ങളിലെത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍നിന്ന് കാസര്‍ഗോട്ടേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക ബസുകളാണ് സജ്ജമാക്കിയത്. ഇത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തികച്ചും അപ്രതീക്ഷിതം തന്നെ ആയിരുന്നു. ഡല്‍ഹിയില്‍നിന്നുള്ള രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം വ്യാഴാഴ്ച രാത്രിയാണ് കൊച്ചിയില്‍ എത്തിയത്. ദൗത്യം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
വിദേശ രാജ്യങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍, ഇന്ത്യക്കാര്‍ക്ക് തണലേകാന്‍ നോര്‍ക്ക പോലുള്ള സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത, മറ്റു സംസ്ഥാനങ്ങളെ ബോധ്യപ്പെടുത്തുന്നതു കൂടിയാണ് കേരളത്തിന്റെ ഇപ്പോഴത്തെ ഇടപെടല്‍. കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ച് രക്ഷാദൗത്യം എളുപ്പത്തില്‍ നടത്താനും ഇത് ഏറെ സഹായകരമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.