ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമായി നേരിട്ട് ചർച്ച നടത്താൻ താത്പര്യമറിയിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാദിമര് സെലന്സ്കി. റഷ്യ -യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന ചൈനയുടെ നിർദേശം പുറത്ത് വന്നതിന് പിന്നാലെയാണ് സെലൻസ്കിയുടെ നീക്കം. യുദ്ധം ഒരു വർഷം പിന്നിട്ടപ്പോഴാണ് സാമാധാനം പുനസ്ഥാപിക്കണമെന്നും ആയുധം താഴെ വെക്കണമെന്നും ചൈന ആവശ്യപ്പെട്ടത്. എന്നാൽ റഷ്യക്ക് ആയുധങ്ങൾ നൽകുന്നത് ചൈനയാണെന്നും ചൈനയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം
അതിനിടെ യൂറോപ്യൻ യൂണിയൻ റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി. റഷ്യ- യുക്രൈൻ യുദ്ധം തുടങ്ങി പത്താം തവണയാണ് റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത്. ലോക ബാങ്ക് യുക്രൈന് ബില്യൺ യുസ് ഡോളറിന്റെ സഹായവും പ്രഖ്യാപിച്ചു.
ലോക രാഷ്ട്രീയത്തെയും സാമ്പത്തിക മേഖലയെയും മാറ്റിമറിച്ച റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചിട്ട് ഇതിനോടകം ഒരു വര്‍ഷം കഴിഞ്ഞു. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവർത്തിക്കുമ്പോൾ യുദ്ധം ഇനിയും നീളാൻ തന്നെയാണ് സാധ്യത. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഈ യുദ്ധത്തിന് അന്ത്യം കുറിയ്ക്കാൻ കാര്യമായ ശ്രമങ്ങൾ ഒന്നും നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ഒരു വർഷത്തിനിടെ യുക്രൈനിലേക്ക് ഒഴുകിയത് അത്യന്താധുനിക ആയുധങ്ങളുടെ വൻ ശേഖരമാണ്. റഷ്യയുടെ ആക്രമണത്തോട്പിടിച്ചുനിൽക്കാൻ യുക്രൈന് കഴിയുന്നതിന്റെ ഒരു പ്രധാന കാരണവും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും എത്തിച്ചുനൽകിയ ആയുധങ്ങളാണ്.