മാനുഷിക ഇടനാഴി വഴി 5,000 ത്തിലധികം പേരെ ഒഴിപ്പിച്ചു: യുക്രൈന്‍

കീവ്: ശനിയാഴ്ച യുക്രൈനില്‍ നിന്ന് 5,208 പേരെ മാനുഷിക ഇടനാഴികളിലൂടെ ഒഴിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ട് കുട്ടികളും, ന്യുമോണിയ ബാധിച്ച ഒരു ശിശുവും ഉള്‍പ്പെടെയാണ് ഈ കണക്ക്. മരിയുപോളിലെ 4,331 നിവാസികള്‍ തെക്കുകിഴക്കന്‍ നഗരമായ സപോരിജിയയില്‍ എത്തിയതായി പ്രസിഡന്റിന്റെ ഓഫീസ് ഡെപ്യൂട്ടി ഹെഡ് അറിയിച്ചു.

രണ്ട് കുട്ടികളെയും കുഞ്ഞിനെയും സപ്പോരിജിയ ആശുപത്രിയിലേക്ക് മാറ്റി. ഒഴിപ്പിച്ചവരില്‍ കീവ് മേഖലയില്‍ നിന്ന് 351 പേരും ലുഹാന്‍സ്‌ക് നിന്ന് 256 പേരും ഉള്‍പ്പെടുന്നു. അതേസമയം പടിഞ്ഞാറന്‍ യുക്രൈന്‍ നഗരമായ ലിവിവില്‍ റോക്കറ്റാക്രമണം. ലിവിവിനടുത്ത് വെലികി ക്രിവ്ചിറ്റ്‌സി ഭാഗത്ത് മൂന്ന് അതിശക്ത സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ വ്യോമാക്രമണം യുക്രൈന്‍ സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

നേരത്തെ റഷ്യന്‍ അധിനിവേശത്തിനെതിരെ ചെറുത്തു നില്‍ക്കുന്ന യുക്രൈന് വേണ്ടി അണിനിരക്കണമെന്ന് ലണ്ടന്‍ ജനതയോട് കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌ക്കോ ആഹ്വാനം ചെയ്തു. രാജ്യം അവസാന നിമിഷം വരെ പോരാടും. യുക്രൈന്‍ പക്ഷം ചേര്‍ന്ന് യുദ്ധത്തെ നേരിടാന്‍ ലണ്ടന്‍ ഒന്നിക്കണം. ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ക്ലിറ്റ്ഷ്‌ക്കോ ആവശ്യപ്പെട്ടു.

 

Top