ദില്ലി: ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് യുക്രൈൻ. വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അഭ്യർഥിച്ചാണ് ഇന്ത്യക്ക് യുക്രെയിൻ കത്ത് അയച്ചത്. ഇന്ത്യയിലെ ജി20 യോഗത്തിൽ യുക്രൈൻ പ്രസിഡന്റിനെ കൂടി പങ്കെടുപ്പിക്കണമെന്നും അഭ്യർഥിച്ചു. യുക്രൈൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വഴിയാണ് സെലൻസ്കി ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്.
യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുന്നതിനിടെയാണ് സെലൻസ്കി സഹായം തേടിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് യുക്രൈൻ അഭിമുഖീകരിക്കുന്നത്. റഷ്യയുടെ അധിനിവേശം ഉക്രെയ്നിലെ 15 വർഷത്തെ സാമ്പത്തിക പുരോഗതി ഇല്ലാതാക്കി. മൊത്ത ആഭ്യന്തര ഉൽപ്പാദനം 29 ശതമാനം കുറയ്ക്കുകയും 1.7 ദശലക്ഷം ഉക്രേനിയക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തുവെന്ന് ലോക ബാങ്ക് റിപ്പോർട്ട് പുറത്തുവന്നിരുന്നു. യുദ്ധത്തിനിടെ 461 കുട്ടികൾ ഉൾപ്പെടെ 9,655 സിവിലിയന്മാരെങ്കിലും മരിച്ചതായാണ് സ്ഥിരീകരണം. ഏകദേശം 2 ദശലക്ഷം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മൊത്തത്തിൽ, ലോകബാങ്ക് ഇതുവരെ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരിട്ടുള്ള നാശനഷ്ടം 135 ബില്യൺ ഡോളറായി കണക്കാക്കി. വിശാലമായ രീതിയിൽ സാമ്പത്തിക നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല. ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത് ഡൊനെറ്റ്‌സ്‌ക്, ഖാർകിവ്, ലുഹാൻസ്‌ക്, കെർസൺ എന്നിവിടങ്ങളിലാണ്. ഉക്രെയ്ൻ സർക്കാർ, ലോകബാങ്ക് ഗ്രൂപ്പ്, യൂറോപ്യൻ കമ്മീഷൻ, ഐക്യരാഷ്ട്രസഭ എന്നിവ ചേർന്നാണ് വിലയിരുത്തൽ നടത്തിയത്.
ആക്രമണം തുടരുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് റഷ്യ സന്ദർശിച്ചിരുന്നു. റഷ്യയുടെ അധിനിവേശത്തിന് ശേഷവും ചൈന റഷ്യയുടെ അടുത്ത സുഹൃത്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഷി ജിന്‍ പിങിന്റെ മോസ്കോ സന്ദര്‍ശനം. സന്ദർശനം റഷ്യ – ചൈന ബന്ധത്തിന്റെ ആക്കം കൂട്ടുമെന്നും റഷ്യയും ചൈനയും നല്ല അയൽക്കാരും വിശ്വസനീയ പങ്കാളികളുമാണെന്നും ഷീ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞത്. സൈബീരിയയില്‍ നിന്ന് ചൈനയിലേക്കുള്ള ഗ്യാസ് പൈപ്പ് ലൈന്‍ സംബന്ധിച്ച വിഷയങ്ങളിലടക്കം ഇരു നേതാക്കളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.