അഭിപ്രായങ്ങൾ എവിടേയും തുറന്നുപറയും, എന്നെ നയിക്കുന്നത് പി ടി: ഉമ തോമസ്

കൊച്ചി: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം പി ടിയ്ക്ക് സമർപ്പിക്കാനാണ് ഉപ്പുതോട്ടിലെത്തിയതെന്ന് ഉമ തോമസ്. പി ടിയാണ് മാർഗദീപം, തന്നെ നയിക്കുന്നത് അദ്ദേഹമാണ്. പി ടിയുടെ വികസന സ്വപ്നങ്ങളും രാഷ്ട്രീയ നിലപാടുകളും തുടരാനാണ് താത്പര്യം. എന്റെ അഭിപ്രായങ്ങൾ എവിടേയും തുറന്നുപറയാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. പറയാനുള്ളത് പറയുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലുള്ള പി ടി തോമസിന്റെ കല്ലറയിലെത്തി ഉമ തോമസ് പ്രാർത്ഥിച്ചു. ഇടുക്കി ബിഷപ്പ് മാർ ജോർജ് നെല്ലിക്കുന്നേലിനെ സന്ദർശിക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുകയാണെങ്കിൽ അവിടെ സന്ദർശനം നടത്തിയ ശേഷം ഇടുക്കിയിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് ഉമ തോമസ് തൃക്കാക്കരയിലേക്ക് മടങ്ങും.

സ്ഥാനാർത്ഥി പ്രഖ്യാപനം വന്നശേഷം പി ടി തോമസിന്റെ ജന്മനാട്ടിൽനിന്നാണ് ഉമ തോമസ് പ്രചാരണം ആരംഭിച്ചത്.തെരെഞ്ഞെടുപ്പിൽ വൻ വിജയം നേടി പി ടി യെ കാണാൻ എത്തുമെന്ന് മാധ്യമങ്ങളോട് ഉമ തോമസ് അന്ന് പറഞ്ഞിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 25,016 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിന്റെ ഏക വനിതാ എംഎൽഎയായി ഉമ നിയമസഭയിലേക്ക് എത്തുന്നത്.

Top