ന്യൂഡല്‍ഹി: ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ച ജെഎന്‍യുവിലെ പരിപാടിയുടെ സംഘാടകര്‍ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയുമാണെന്ന് ഡല്‍ഹി പോലീസ് കോടതിയില്‍ അറിയിച്ചു. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ഥികളുടെ ലക്ഷ്യം കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ വികാരം ഉയര്‍ത്തിവിടുകയായിരുന്നു എന്നും പോലീസ് അറിയിച്ചു.
അഡീഷണല്‍ ജഡ്ജി റീതേഷ് സിംഗിനു മുമ്പാകെയാണ് ഡല്‍ഹി പോലീസ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ പരിപാടിയുടെ സംഘാടകന്‍ ആയിരുന്നില്ലെന്നും പോലീസ് കോടതിയില്‍ അറിയിച്ചു.
അതേസമയം, കനയ്യ കുമാര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരായ ജെഎന്‍യു പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കാര്യമാക്കേണ്ടതില്ലെന്ന് വിദ്യാര്‍ഥികള്‍ തീരുമാനിച്ചു. അച്ചടക്കമില്ലാതെ സര്‍വകലാശാലയുടെ മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥിതികള്‍ക്കും എതിരായി വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ വിദ്യാര്‍ഥി നേതാക്കളെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കണമെന്നും പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരുന്നു.