ന്യൂഡല്‍ഹി: എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നതിനായുള്ള വേട്ടയിലാണ് കേന്ദ്രസര്‍ക്കാരെന്ന് രാജ്യദ്രോഹ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ്. തങ്ങളുടെ മോചനത്തോടെ പോരാട്ടം അവസാനിയ്ക്കുന്നില്ലെന്നും അത് തുടങ്ങിയിരിയ്ക്കുകയാണെന്നും ഉമര്‍ പറഞ്ഞു.
ജാമ്യം നേടി പുറത്തിറങ്ങിയ ഉമര്‍ ഖാലിദിനും അനിര്‍ഭന്‍ ഭട്ടാചാര്യയ്ക്കും ആവേശകരമായ സ്വീകരണമാണ് ജെ.എന്‍.യുവിലെ സഹ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയത്. ആസാദി മുദ്രാവാക്യം ക്യാമ്പസില്‍ മുഴങ്ങി. സര്‍ക്കാരും ആര്‍.എസ്.എസും വിചാരിച്ചത് അവര്‍ക്ക് ഞങ്ങളെ തകര്‍ക്കാന്‍ കഴിയുമെന്നാണ്. എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് തടയാന്‍ ഇത്തരം കൊളോണിയല്‍ കരിനിയമങ്ങള്‍ കൊണ്ടൊന്നും അവര്‍ക്ക് കഴിയില്ല. കര്‍ഷകര്‍, തൊഴിലാളികള്‍, ആദിവാസികള്‍, ദളിതര്‍, മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ ജെ.എന്‍.യു നിസ്വാര്‍ത്ഥമായി ഉയര്‍ത്തിപ്പിടിയ്ക്കുമെന്ന് പറയാന്‍ എനിയ്ക്ക് യാതൊരു മടിയുമില്ല.
ഞാനൊരു മുസ്ലീമായി ഒരിയ്ക്കലും എന്നെ മുന്നോട്ട് വച്ചിട്ടില്ല. എന്നാല്‍ എന്നെ ഒരു ഇസ്ലാമിസ്റ്റ് ഭീകരനായി ചിത്രീകരിയ്ക്കാനുള്ള ശ്രമമാണ് പലരും നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ രീതികള്‍ക്കെതിരെ ജനങ്ങള്‍ ഉണരുന്നുണ്ട്. തൊഴിലാളി വിരുദ്ധവും കര്‍ഷക വിരുദ്ധവും ദളിത് വിരുദ്ധവുമായി നിലപാടുകള്‍ സ്വീകരിയ്ക്കുന്ന ഈ സര്‍ക്കാര്‍ അധികകാലം നിക്ഷിപ്ത താല്‍പര്യങ്ങളുമായി മുന്നോട്ടു പോകാമെന്ന് കരുതേണ്ടന്നും ഉമര്‍ ഖാലിദ് പറഞ്ഞു.