ഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമല്‍ ഖാലിദ് സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിന്‍വലിച്ചു. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ അറിയിച്ചു. ഉമര്‍ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നിരവധി തവണ സുപ്രീംകോടതി മാറ്റിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി ഉമര്‍ഖാലിദ് വിചാരണക്കോടതിയെ സമീപിക്കുന്നത്.
ചില സാഹചര്യങ്ങള്‍ മാറി. അതിനാല്‍ സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിന്‍വലിക്കുകയാണ്. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കുമെന്നും ഉമര്‍ഖാലിദിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. 2020 സെപ്തംബര്‍ 13 നാണ് ഉമര്‍ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യുഎപിഎ ചുമത്തിയായിരുന്നു അറസ്റ്റ്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ട് പേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.