സിഡ്നി• ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും പേസ് ബോളർ ഉമേഷ് യാദവും പുറത്ത്. മെൽബണിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരുക്കേറ്റ് തിരികെ കയറിയ ഉമേഷ് യാദവിന്, പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിലും കളിക്കാനാകില്ലെന്ന് ഉറപ്പായി. കാലിന്റെ മസിലിനേറ്റ പരുക്കിനെ തുടർന്നാണ് ഉമേഷിന്റെ സേവനം ശേഷിക്കുന്ന മത്സരങ്ങളിൽ ഇന്ത്യയ്ക്ക് നഷ്ടമായത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച ഓസ്ട്രേലിയയെ, രണ്ടാം ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തോടെ ഇന്ത്യ സമനിലയിൽ പിടിച്ചിരുന്നു.
മെൽബൺ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ തന്റെ നാലാം ഓവർ ബോൾ ചെയ്യുന്നതിനിടെയാണ് ഉമേഷ് യാദവിന് പരുക്കേറ്റത്. തുടർന്ന് കളം വിട്ട ഉമേഷ് യാദവ്, പിന്നീട് ഒരു ഓവർ പോലും ബോൾ ചെയ്തിരുന്നില്ല. താരത്തെ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. മുഹമ്മദ് ഷമിക്ക് പരുക്കേറ്റ സാഹചര്യത്തിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നൽകിയ മുഹമ്മദ് സിറാജ് മികച്ച പ്രകടനം പുറത്തെടുത്തത് ടീമിന് ആശ്വാസമാണ്
.പകരക്കാരായി പരിഗണിക്കുന്ന താരങ്ങളിൽ ടെസ്റ്റ് പരിചയം ഉള്ള ഏക താരം ഷാർദുൽ താക്കൂറാണ്. ഏകദിന, ട്വന്റി20 പരമ്പരകളിൽ തകർപ്പൻ പ്രകടനവുമായി കയ്യടി നേടിയ തമിഴ്നാട് താരം ടി.നടരാജനും സാധ്യതാ പട്ടികയിൽ മുന്നിലുണ്ട്. എങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതുവരെ 20 മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ എന്നത് ഒരു പോരായ്മയാണ്.