കൊച്ചി: വയല്‍ നികത്തലിന് അനുമതി നല്‍കിയത് യു.ഡി.എഫ് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച തീരുമാനത്തിന് ഈ സര്‍ക്കാര്‍ അംഗീകാരം നല്‍കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 425 ഏക്കര്‍ നെല്‍വയലും തണ്ണീര്‍ത്തടവും നികത്താന്‍ റവന്യൂ വകുപ്പ് അനുമതി നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വയല്‍ നികത്തലുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ പുന:പരിശോധിക്കും. ഇക്കാര്യം കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍ തന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. പരിശോധിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിവരാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഫയല്‍ മടക്കിയിട്ടില്ല. കോടതിയില്‍ കേസുള്ളതിനാല്‍ വിശദാംശങ്ങള്‍ തേടുക മാത്രമാണ് ഗവണര്‍ ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.