കണ്ണൂര്‍: ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനെ കുറിച്ച് പ്രതികള്‍ക്ക് പൊലീസിലുള്ളവര്‍ തന്നെ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊലീസിനുള്ളില്‍ ചാരപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
യഥാര്‍ത്ഥ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ നല്‍കി സമരപ്പന്തല്‍ സന്ദര്‍ശിക്കവെയാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്. സമരപ്പന്തലില്‍ വരുന്നതിന് മുന്‍പ് താന്‍ ഷുഹൈബിന്റെ വീട് സന്ദര്‍ശിച്ചിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
‘അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ ശക്തമായ ജനകീയ മുന്നേറ്റമാണ് ആവശ്യം. ഷുഹൈബിന്റെ കൊലപാതകം ഏറ്റവും ക്രൂരമായ സംഭവമാണ്. 51 വെട്ട് വെട്ടി ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവം ഏറെ വിവാദമായതാണ്. ആ സംഭവത്തോടെ സിപിഐഎം ഒരു പാഠം പഠിക്കുമെന്ന് വിചാരിച്ചു. എന്നാല്‍ കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ മാര്‍കിസ്റ്റ് പാര്‍ട്ടി ഇന്നും തയ്യാറല്ല എന്ന് ഷുഹൈബിന്റെ കൊലപാതകത്തോടെ വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പാര്‍ട്ടിക്ക് ബന്ധമില്ല എന്ന് പതിവ് ശൈലിയില്‍ സിപിഐഎം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും പ്രസ്താവന ഇറക്കുമ്പോഴും പിണറായി സര്‍ക്കാരിന്റെ പൊലീസ് അതെല്ലാം തള്ളിക്കളയുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊലപാതകികള്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നും സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് കൊലപാതകമെന്നും പിണറായിയുടെ പൊലീസ് തന്നെ പറഞ്ഞിരിക്കുകയാണ്.
എന്നാല്‍ കോണ്‍ഗ്രസിന് അതിനപ്പുറത്തേക്ക് ചില അഭിപ്രായങ്ങളുണ്ടെന്നും അത് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ പിടികൂടാനുള്ള നീക്കത്തെ അന്വേഷണ സംഘത്തില്‍പ്പെട്ടവര്‍തന്നെ അട്ടിമറിച്ചുവെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
ഇതില്‍പ്പരം ഒരു ആരോപണം ഇനി പൊലീസിന് നേരെ ഉണ്ടാകാനില്ല. രാജ്യത്തെ നടുക്കിയ ഒരു കൊലപാതകക്കേസില്‍ പ്രതികളെ പിടിക്കാനുള്ള ശ്രമത്തെ പൊലീസിലുള്ളവര്‍ത്തന്നെ അട്ടിമറിക്കുകയാണ്. അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും വിശ്വാസമുണ്ടാകണമെങ്കില്‍ ചാരപ്പണി നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.