അമ്പയറുടെ തിരുമാനം പുനഃപരിശോധിച്ചിരുന്നെങ്കില്‍ ആ ചരിത്ര നേട്ടം താന്‍ പണ്ടേ സ്വന്തമാക്കിയേനെ

ചെന്നൈ: ആ മത്സരത്തില്‍ അമ്പയറുടെ തീരുമാനം പുനഃ പരിശോധിക്കാനുള്ള ഡിസിഷന്‍ റിവ്യു സിസ്റ്റം(ഡിആര്‍എസ്) ഉണ്ടായിരുന്നെങ്കില്‍ പത്തില്‍ പത്തുവിക്കറ്റെന്ന ചരിത്ര നേട്ടം താന്‍ നേരത്തെ സ്വന്തമാക്കുമായിരുന്നുവെന്ന് അനില്‍ കുംബ്ലെ. ആര്‍ അശ്വിനുമൊത്തുള്ള സംഭാഷണത്തിനിടെയാണ് കുംബ്ലെയുടെ തുറന്നുപറച്ചില്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്നിംഗ്‌സിലെ പത്തുവിക്കറ്റും വീഴ്ത്തിയ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ബൗളറാണ് ഇന്ത്യയുടെ അനില്‍ കുംബ്ലെ. ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കിയത് കുംബ്ലെ മാത്രമാണ്. കുംബ്ലെയ്ക്ക് ശേഷം മറ്റൊരു ബൗളര്‍ക്കും ആ നേട്ടം സ്വന്തമാക്കാനായിട്ടില്ല. 1999ലെ ഡല്‍ഹി ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ ആയിരുന്നു കുംബ്ലെ പത്തില്‍ പത്ത് വിക്കറ്റും വീഴ്ത്തി ചരിത്രനേട്ടം സ്വന്തമാക്കിയത്.

കുംബ്ലെ പത്തു വിക്കറ്റെടുത്ത ടെസ്റ്റില്‍ കര്‍ണാടകക്കാരനായ എ വി ജയപ്രകാശ് ആയിരുന്നു ഒരു അമ്പയര്‍. അദ്ദേഹമാണ് മത്സരത്തിലെ 10 പാക് വിക്കറ്റുകളും ഔട്ട് വിളിച്ചത്. അമ്പയറെന്ന നിലയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം കുംബ്ലെക്ക് അനുകൂലമായി എന്ന രീതിയിലുള്ള വ്യാഖ്യാനങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് പൂര്‍ണമായും തെറ്റാണെന്ന് കുംബ്ലെ പറഞ്ഞു. കാരണം വിക്കറ്റില്‍ നിന്നോ, അമ്പയര്‍മാരില്‍ നിന്നോ എനിക്ക് അധിക ആനുകൂല്യമൊന്നും കിട്ടിയിട്ടില്ല. ഒരുപക്ഷെ ഡിആര്‍എസ് ഉണ്ടായിരുന്നെങ്കില്‍ താന്‍ ഈ നേട്ടം കുറച്ചുകൂടി നേരത്തെ സ്വന്തമാക്കിയേനെ എന്ന് കുംബ്ലെ പറഞ്ഞു.

Top