ഗാസയില്‍ ഇന്ധനത്തിന്റെ അഭാവം മൂലം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന് യുഎന്‍ ഏജന്‍സി

സംഘര്‍ഷം ശക്തമായ ഗാസയില്‍ ഇന്ധനത്തിന്റെ അഭാവം മൂലം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന് യുഎന്‍ ഏജന്‍സി. ഗാസയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുഎന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎയുടെ വക്താവ് ജൂലിയറ്റ് ടൂമ ബിബിസിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ധനം എത്തിയില്ലെങ്കില്‍ വ്യാഴാഴ്ച രാവിലെ ആ തീരുമാനം എടുക്കുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ഡീസല്‍ ഹമാസ് ഒളിച്ചുവച്ചിരിക്കുകയാണെന്നും ഹമാസിനോട് ഇന്ധനം ചോദിക്കാനുമാണ് ഇസ്രയേല്‍ സൈന്യത്തിന്റെ മറുപടി. 5 ലക്ഷം ലിറ്ററോളം ഡീസല്‍ ഹമാസിന്റെ കൈവശമുണ്ടെന്നും സൈന്യം ആരോപിക്കുന്നു.

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം ആരംഭിച്ചതോടെ ഇസ്രയേല്‍ പലസ്തീനിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവച്ചിരുന്നു. ഇതോടെ ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിച്ചായിരുന്നു പ്രദേശത്ത് വൈദ്യുതി ലഭ്യമാക്കിയത്. എന്നാല്‍ സംഘര്‍ഷം ശക്തമായതോടെ ഗാസയിലേക്ക് ഡീസല്‍ എത്തിച്ചിരുന്ന പൈപ്പ് ലൈനുകള്‍ ഇസ്രയേല്‍ തകര്‍ത്തു. നിലവില്‍ വളരെ കുറച്ച് ഡീസല്‍ മാത്രമാണ് പ്രദേശത്ത് ലഭ്യമായിട്ടുള്ളത്.ഇന്ധനം എത്തിയില്ലെങ്കില്‍ ഗാസയിലെ ആശുപത്രികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ആശുപത്രികള്‍ മോര്‍ച്ചറികളാകുമെന്നും റെഡ് ക്രോസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ വന്‍തോതില്‍ വര്‍ധനവുണ്ടായതിനെത്തുടര്‍ന്ന് ഗാസയിലെ ആരോഗ്യ സൗകര്യങ്ങളുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും പ്രവര്‍ത്തനം നിര്‍ത്തിയതായി ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച അറിയിച്ചു.

 

Top