മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനം; യുഎൻ അംബാസിഡർ നിക്കി ഹാലി ഇന്ത്യയിലേയ്ക്ക്

ന്യൂഡല്‍ഹി: യുഎസിലെ യുഎന്‍ അംബാസിഡര്‍ നിക്കി ഹാലി മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലേയ്ക്ക്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗവണ്‍മെന്റില്‍ ഉയര്‍ന്ന റാങ്കിലുള്ള നിക്കി ഹാലി മുതിര്‍ന്ന ഇന്ത്യന്‍ നേതാക്കള്‍, എന്‍ജിഒ നേതാക്കള്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രപരമായ ബന്ധം, ഗൗരവപൂര്‍വ്വമായ ആഗോള കാര്യങ്ങള്‍ എന്നിവയെല്ലാം കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. ഐക്യരാഷ്ട്രസഭയുടെ 29മത് യുഎസ് അംബാസഡര്‍ ആണ് നിക്കി ഹാലി. ദക്ഷിണ കരോലിനയില്‍ നിന്നുള്ള 116ാമത് ഗവര്‍ണറും, തെക്കന്‍ കരോലിന പ്രവിശ്യയില്‍ നിന്നുള്ള പ്രതിനിധിയുമായിരുന്നു നിക്കി.

ട്രാംപ് ഭരണകൂടം നടപ്പാക്കിയ സീറോ ടോളറന്‍സ് പോളിസിയുടെ ഭാഗമായി അനധികൃതമായി അമേരിക്കയിലേക്ക് കടന്നതിന് ഒറിഗോണിലും ന്യൂ മെക്‌സിക്കോയിലും നിരവധി ഇന്ത്യക്കാരെ തടഞ്ഞുനിര്‍ത്തിയതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.

നിക്കി ഹാലിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷം ജൂലൈ 6ന് ഇന്ത്യയും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതാണ്. സ്റ്റേറ്റ് സെക്രട്ടറി മൈക്കിള്‍ ആര്‍. പോംപിയോ, ഡിഫന്‍സ് സെക്രട്ടറി ജയിംസ് മാറ്റിസ്, ഇന്ത്യന്‍ വിദേശകാര്യവകുപ്പ് മന്ത്രി സുഷമാ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, സുരക്ഷാ സഹകരണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top