ഡാക്കര്‍: ബോക്കോ ഹറാം തീവ്രവാദികളുടെ കൊടും ഭീകരതയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിയ്ക്കപ്പെട്ടത് 10 ലക്ഷം കുട്ടികള്‍ക്ക്. യൂണിസെഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി 2000ത്തോളം സ്‌കൂളുകളാണ് നൈജീരിയ, കാമറൂണ്‍, ഛാഡ്, നൈജര്‍ എന്നീ രാജ്യങ്ങളില്‍ ബോക്കോ ഹറാം ഭീഷണിയെ തുടര്‍ന്ന് അടച്ചുപൂട്ടിയത്.
നൈജീരിയയിലും സമീപ രാജ്യങ്ങളിലും ശക്തമായ ബോക്കോ ഹറാം വ്യാപകമായി സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോവുകയും സംഘടനയിലേയ്ക്ക് റിക്രൂട്ട് ചെയ്യുകയും പീഡനത്തിനിരയാക്കുകയും ചെയ്യുന്നുണ്ട്.
പല സ്‌കൂളുകളും കൊള്ളയടിയ്ക്കുകയും തീ വച്ച് നശിപ്പിയ്ക്കുകയും ചെയ്തു. വീണ്ടും തുറന്ന ചില സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം ക്രമാതീതമായതും മതിയായ സൗകര്യങ്ങളില്ലാത്തതും വലിയ പ്രശ്‌നം സൃഷ്ടിയ്ക്കുകയാണ്.
20,000ത്തോളം പേരെ ബോക്കോ ഹറാം ഇതുവരെ കൊന്നതായും ലക്ഷക്കണക്കിനാളുകളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയതായുമാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്ക്. ‘ബോക്കോ ഹറാം’ എന്ന വാക്കിനര്‍ത്ഥം തന്നെ പാശ്ചാത്യ വിദ്യാഭ്യാസം പാപമാണെന്നാണ്.