ന്യൂയോര്‍ക്ക്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യം ഒഴിവാക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. സംഘര്‍ഷം വര്‍ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരുഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുള്ള ആളിനെ മധ്യസ്ഥനായി ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്നും ഗുട്ടെറസ് പറഞ്ഞു.
ആരാണ് മധ്യസ്ഥത വഹിക്കേണ്ടതെന്ന് ഇരുരാജ്യങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അക്കാര്യത്തില്‍ യു.എന്നിന് അഭിപ്രായങ്ങളൊന്നിമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും കൂടുതല്‍ പിരിമുറുക്കമുണ്ടാക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യുഎന് സെക്രട്ടറി ജനറലിന്റെ പ്രസ്താവന പുറത്തുവരുന്നത്. എന്നാല്‍ ചൈനയുടെയും അമേരിക്കയുടെയും നിലപാടുകളോട് ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും നേതൃത്വത്തിലുള്ള യോഗങ്ങള്‍ സാഹചര്യം വിലയിരുത്തിയിരുന്നു. ചൈനീസ് സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. കയ്യേറിയ സ്ഥലത്തുനിന്ന് ചൈന പിന്നോട്ടുപോകണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കും.