ഗാസയില്‍ വെടിനിര്‍ത്തലിന് വേണ്ടി വീണ്ടും ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ച് ഐക്യരാഷ്ട്ര സഭ മേധാവി

ഗാസയില്‍ വെടിനിര്‍ത്തലിന് വേണ്ടി വീണ്ടും ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ച് ഐക്യരാഷ്ട്ര സഭ മേധാവി അന്റോണിയോ ഗുട്ടെറസ്. ഗാസയിലെ സ്ഥിതി വളരെ രൂക്ഷമാണെന്നും വെടിനിര്‍ത്തലിലൂടെ രക്തച്ചൊരിച്ചിലിന്റെ പേടി സ്വപ്നം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെപ്പെട്ടു. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡു സന്ദര്‍ശിക്കവേയായിരുന്നു ഗുട്ടെറസിന്റെ പ്രതികരണം.

ഗാസ മുനമ്പില്‍ കൂടുതല്‍ മരണങ്ങള്‍ തടയാനും ആവശ്യമായ മാനുഷിക സാധനങ്ങള്‍ അനുവദിക്കുന്നതിനും വേണ്ടി ഡോക്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേര്‍സും വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ലോക നേതാക്കളുടെ ഇടപെടല്‍ മന്ദഗതിയിലാണെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ”ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞിരിക്കുന്നു. കൃത്യമായ അനസ്തേഷ്യയില്ലാതെയാണ് ശസ്ത്രക്രിയകള്‍ നടത്തുന്നത്. മോര്‍ച്ചറികളിലും മൃതദേഹങ്ങള്‍ നിറയുകയാണ്”- ഡോക്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേര്‍സ് പറയുന്നു.

ഹമാസുമായുമായുള്ള സംഘര്‍ഷം കരയാക്രമണത്തോടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ഗാസയിലേക്ക് കൂടുതല്‍ സൈന്യം കടന്നതായി ശനിയാഴ്ച നടത്തിയ പ്രസംഗത്തില്‍ നെതന്യാഹു പറഞ്ഞു. ഹമാസ് ബന്ദികളാക്കിയവരെ രക്ഷിക്കുകയെന്നത് സൈന്യത്തിന്റെ ‘അവിഭാജ്യ ഘടകമാണ്’ എന്ന് അദ്ദേഹം പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നത് വൈകുന്നതില്‍ ഇസ്രയേലില്‍ തെരുവുകളില്‍ പ്രതിഷേധം ഉയര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ബന്ദികളുടെ കുടുംബങ്ങളെയും നെതന്യാഹു കണ്ടിരുന്നു.

 

Top