UN Condemns North Korea Ballistic Missile Launches

ജനീവ: അന്തര്‍ദേശീയ ഉപരോധത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണത്തെ അപലപിച്ചു യുഎന്‍ രക്ഷാസമിതി. യുഎന്‍ രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്നാണ് ഉത്തര കൊറിയയുടെ നടപടിയെ അപലപിച്ചത്. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ അംഗീകരിക്കാനാവില്ല. യുഎന്‍ പ്രമേയങ്ങളുടെ ലംഘനമാണ് ഉത്തരകൊറിയയുടെ നടപടിയെന്നും യുഎന്‍ വിലയിരുത്തി.

ഉത്തരകൊറിയ വെള്ളിയാഴ്ചയാണു രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചത്. റോഡ്-മൊബൈല്‍ ലോഞ്ചറുകളില്‍നിന്നു വിക്ഷേപിച്ച ആദ്യ മിസൈല്‍ 800 കിലോമീറ്റര്‍ സഞ്ചരിച്ചശേഷം ജപ്പാന്‍ കടലില്‍ പതിച്ചു. ഇതിനുശേഷം 20മിനിറ്റിനകം തൊടുത്തുവിട്ട രണ്ടാമത്തെ മിസൈല്‍ 17 കിലോമീറ്റര്‍ സഞ്ചാരത്തിനുശേഷം റഡാറില്‍നിന്ന് അപ്രത്യക്ഷമായി.

ആണവമിസൈല്‍ പരീക്ഷണത്തിന്റെ പേരില്‍ ഈ മാസമാദ്യമാണ് ഉത്തരകൊറിയയ്ക്ക് എതിരേ യുഎന്‍ രക്ഷാസമിതി ശക്തമായ ഉപരോധം പ്രഖ്യാപിച്ചത്. ഇതു നടപ്പില്‍വരുത്തിക്കൊണ്ടു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപനം പുറപ്പെടുവിച്ചതിനു പിറ്റേന്നാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ വിക്ഷേപണം നടത്തിയത്.

Top