സ്വച്ഛ് ഭാരത് ; മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭ

ന്യൂഡൽഹി : സ്വച്ഛ് ഭാരത് പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതിനിധി.

മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കുന്നതില്‍ സ്വച്ഛ് ഭാരത് പദ്ധതി പരാജയപ്പെട്ടുവെന്ന് ലിയോ ഹെല്ലര്‍ വ്യക്തമാക്കി.

ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് പത്രസമ്മേളനത്തില്‍ അവതരിപ്പിക്കുകയായിരുന്നു ലിയോ.

കുടിവെള്ളത്തിനും ശുചിമുറിക്കുമുള്ള അവകാശം രണ്ടാണെങ്കിലും പരസ്പരം ബന്ധപ്പെട്ടതാണ്. എന്നാല്‍ സ്വച്ഛ് ഭാരതില്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് ശുചിമുറി നിര്‍മാണത്തിനാണ്.

ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിന് അത്ര പ്രാധാന്യം നല്‍കുന്നില്ല. കുടിവെള്ളം എത്തിക്കാന്‍ കൂടി സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ മാത്രമേ ദ്ധതി പൂര്‍ണമാകൂ എന്ന് ഹെല്ലര്‍ പറഞ്ഞു.

ശുചിമുറികൾ നിർമിക്കാക്കാത്തവര്‍ക്കെതിരായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെയും യുഎന്‍ പ്രതിനിധി വിമര്‍ശിച്ചു.

ശുചിമുറി നിർമിക്കാത്തതിന്റെ പേരിൽ വൈദ്യുതി വിച്ഛേദിക്കുന്നതും റേഷൻ കാര്‍ഡ് റദ്ദാക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വച്ഛ് ഭാരത് പദ്ധതി മൂന്നാം വർഷത്തില്‍ എത്തിയിരിക്കുന്നു. ഇനി കണ്ണടയുടെ ലെന്‍സ് മാറ്റി മനുഷ്യാവകാശങ്ങളുടെ ലെൻസ് സ്ഥാപിക്കണമെന്നും ഐക്യരാഷ്ട്രസഭ പ്രതിനിധി സൂചിപ്പിച്ചു.

എന്നാൽ ലിയോയുടെ പരാമര്‍ശങ്ങളോട് രൂക്ഷവിമര്‍ശനമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. രാഷ്ട്രപിതാവിനോടുള്ള അനാദരവായാണ് സ്വച്ഛ് ഭാരത് പദ്ധതിയുടെ ലോഗോയുമായി ബന്ധപ്പെട്ട് ലിയോ നടത്തിയതെന്ന് സര്‍ക്കാര്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടാഴ്ച നീണ്ടുനിന്ന ഇന്ത്യാ സന്ദര്‍ശനം ലിയോ പൂര്‍ത്തിയാക്കിയത്.

ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ എന്നിവിടങ്ങളും ചേരി പ്രദേശങ്ങളും സന്ദര്‍ശിച്ച ലിയോ, വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കണ്ടിരുന്നു.

ചില പ്രദേശങ്ങളില്‍ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗക്കാര്‍ വിവേചനം അനുഭവിക്കുന്നതായും ലിയോ പറഞ്ഞു.

ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതു കൊണ്ടു മാത്രം പരസ്യമായ മലമൂത്ര വിസര്‍ജനം ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 സെപ്റ്റംബറില്‍ നടക്കുന്ന മനുഷ്യാവകാശ കൗണ്‍സിലിന്റെ 39-ാം സമ്മേളനത്തിലാണ് പൂര്‍ണമായ റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും ലിയോ സമര്‍പ്പിക്കുക.

Top