ന്യൂഡല്‍ഹി: കേരളത്തിലും കര്‍ണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്നു യുഎന്‍ റിപ്പോര്‍ട്ട്. അല്‍ ഖായിദയുടെ 150 മുതല്‍ 200 വരെ ഭീകരര്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളിലുണ്ടെന്നും യുഎന്‍ റിപ്പോര്‍ട്ട് ചെയ്തു. അവര്‍ മേഖലയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിറ്ററിങ് സംഘമാണ് ഐഎസ്, അല്‍ ഖായിദ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ ഖായിദയുടെ പ്രവര്‍ത്തനങ്ങള്‍ അഫ്ഗാനിസ്ഥാനിലെ നിംറുസ്, ഹെല്‍മന്ദ്, കാണ്ഡഹാര്‍ എന്നിവിടങ്ങളിലെ താലിബാന്റെ നിയന്ത്രണത്തിലാണെന്നും വിവരമുണ്ട്.
വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നായി 150 മുതല്‍ 200 വരെ ഭീകരരാണു സംഘത്തിലുള്ളത്. ഒസാമ മഹമൂദ് ആണ് ഭീകരരുടെ തലവന്‍. സംഘത്തിന്റെ മുന്‍ നേതാവിന്റെ മരണത്തിനു മറുപടിയായാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഐഎസിന്റെ ഇന്ത്യയിലെ വിഭാഗമായ ഹിന്ദ് വിലായയ്ക്ക് 180 മുതല്‍ 200 വരെ ഭീകരരുണ്ടെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതില്‍ കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഉണ്ട്. ഇന്ത്യയില്‍ ‘പ്രവിശ്യ’ സ്ഥാപിച്ചതായി കഴിഞ്ഞ മേയില്‍ ഐഎസ് ഭീകരസംഘം പ്രഖ്യാപിച്ചിരുന്നു. കശ്മീരില്‍ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടിയതിനു പിന്നാലെയായിരുന്നു നീക്കം.