യുണൈറ്റഡ് നേഷന്‍സ്: യുഎസിന് തിരിച്ചടി. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഐക്യരാഷ്ട്രസഭ തള്ളി. ട്രംപിന്റെ പ്രസ്താവന പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്കു തിരികൊളുത്തിയ പശ്ചാത്തലത്തില്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതിയുടെ പ്രത്യേക സമ്മേളനത്തിലാണ് യുഎസ് ഒറ്റപ്പെട്ടത്.
ജറുസലേം വിഷയം ഇസ്രയേലും പലസ്തീനും ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പിലെത്തേണ്ട കാര്യമാണെന്ന് യോഗത്തിനുശേഷം യുഎന്‍ രക്ഷാസമിതി വ്യക്തമാക്കി.
ദ്വിരാഷ്ട്രസങ്കല്പത്തെ പിന്തുണയ്ക്കുന്ന തങ്ങള്‍ ജറുസലേമില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കില്ലെന്ന് രക്ഷാസമിതിയില്‍ അംഗങ്ങളായ യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കി. അതേസമയം, യുഎന്‍ നടപടിയെ അമേരിക്ക അപലപിച്ചു.