ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തിൽ സൈനിക നടപടിയിലൂടെ മാത്രം പരിഹാരമുണ്ടാക്കാനാവില്ലെന്ന് യുറോപ്യൻ യൂണിയൻ. രണ്ട് രാഷ്ട്രങ്ങൾ രുപീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് യുറോപ്യൻ യൂണിയന്റെ വിദേശനയ മേധാവി ജോസഫ് ബോറെൽ പറഞ്ഞു. യുറോപ്യൻ യൂണിയന്റെ ഉദ്യമത്തിന് ജർമ്മനിയും പിന്തുണയറിയിച്ചു.
രണ്ട് രാഷ്ട്രങ്ങൾ രൂപീകരിക്കുകയാണ് പ്രശ്നം പരിഹരിക്കാനുള്ള ഏകപോംവഴിയെന്ന ജർമ്മൻ വിദേശകാര്യമന്ത്രി അന്നലേന ബായേർബോക്ക് പറഞ്ഞു. ദ്വിരാഷ്ട്രത്തെ ജർമനിയും പിന്തുണക്കുമെന്നും അവർ പറഞ്ഞു. ഇതുമാത്രമാണ് പ്രശ്നത്തിനുള്ള ഏകപരിഹാരം. ഇത് സ്വീകാര്യമല്ലെന്ന് അറിയിച്ച ഒരാളും ബദൽ പരിഹാരം നിർദേശിച്ചിട്ടില്ലെന്നും ജർമൻ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇസ്രായേൽ -ഫലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരം സാധ്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി 40 മിനിറ്റ് ഫോണിൽ സംസാരിച്ചശേഷമായിരുന്നു ബൈഡന്റെ പ്രതികരണം. അതേസമയം, ദ്വിരാഷ്ട്രവാദത്തോട് അനുകൂല നിലപാട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇതുവരെ സ്വീകരിച്ചിട്ടില്ല.