മനാമ: സമുദ്ര ശുചീകരണ പദ്ധതിയില്‍ ബഹ്‌റൈനും പങ്കാളിയാകുന്നു. ‘ക്ലീന്‍ സീ’ എന്ന പേരില്‍ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പദ്ധതിയില്‍ രാജ്യവും പങ്കാളിയാവുന്നു എന്നത് സംബന്ധിച്ച കാര്യം വ്യക്തമാക്കിയിരിക്കുന്നത് പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈനയാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും കടലിനെ സംരക്ഷിക്കാനുള്ള യു.എന്‍ സംഘടനയാണ് സമുദ്ര ശുചീകരണ കാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്. യു.എന്‍ പരിസ്ഥിതി പദ്ധതി എക്‌സിക്യൂട്ടീവ് ഡയക്ടര്‍ എറിക് സോല്‍ഹിമും മുബാറക് ബിന്‍ ദൈനയും തമ്മിലാണ് സഹകരണക്കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിനായി സര്‍ക്കാരുകളും പൊതു സമൂഹവും ഒന്നിച്ചു പ്രവര്‍ത്തിക്കുക എന്നതാണ് കാമ്പയിന്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് എറിക് സോല്‍ഹിം വ്യക്തമാക്കി.