ന്യൂയോര്‍ക്ക്: വിക്കീ ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ അറസ്റ്റ് ചെയ്യാനുള്ള ബ്രീട്ടന്റെ നീക്കം നിയമവിരുദ്ധമെന്ന് ഐക്യരാഷ്ട്രസഭ സമിതി. അറസ്റ്റും സ്വീഡനിലേയ്ക്ക് വിചാരണയ്ക്കായി നാട് കടത്തുന്നതും ഒഴിവാക്കാന്‍ 2012ലാണ് ലണ്ടനിനെ ഇക്വഡോര്‍ എംബസിയില്‍ അസാഞ്ജ് അഭയം തേടിയത്.
എംബസിയില്‍ നിന്ന് പുറത്തുകടന്നാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നതിനാല്‍ താന്‍ നിര്‍ബന്ധിത തടവിലാണെന്ന് അസാഞ്ജ് യു.എന്‍ സമിതിയെ അറിയിച്ചിരുന്നു. തനിയ്‌ക്കെതിരെയാണ് യു.എന്‍ പാനലിന്റെ തീരുമാനമെങ്കില്‍ ബ്രിട്ടീഷ് പൊലീസിന് കീഴടങ്ങാന്‍ തയ്യാറാണെന്ന് അസാഞ്ജ് വ്യക്തമാക്കിയിരുന്നു.
തന്റെ പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടുമെന്നും അറസ്റ്റ് ചെയ്യാനുള്ള തുടര്‍ശ്രമങ്ങള്‍ ഇതോടെ അവസാനിയ്ക്കും എന്നുമാണ് പ്രതീക്ഷയെന്ന് ജൂലിയന്‍ അസാഞ്ജ് പ്രതികരിച്ചു. ട്വിറ്ററിലായിരുന്നു അസാജ്ഞിന്റെ പ്രതികരണം. 2010ലെ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് ആസ്‌ട്രേലിയന്‍ പൗരനമായ ജൂലിയന്‍ അസാഞ്ജിനെ വിചാരണയ്ക്കായി സ്വീഡന്‍ ആവശ്യപ്പെടുന്നത്.
ആരോപണം അസാഞ്ജ് നിഷേധിച്ചിരുന്നു, അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളും ചാരപ്പണിയടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് അസാഞ്ജിനെതിരായ നീക്കം ശക്തമായത്.
സ്വീഡന്‍ തന്നെ അമേരിക്കയ്ക്ക് വിചാരണയ്ക്കായി കൈമാറുമെന്ന ആശങ്കയിലാണ് ജൂലിയന്‍ അസാഞ്ജ് ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടിയത്. അമേരിക്കയുടെ നിരവധി സൈനിക, നയതന്ത്ര രഹസ്യങ്ങളും മറ്റ് രാജ്യങ്ങളില്‍ നടത്തിയ ചാരപ്പണിയും സംബന്ധിച്ച വിവരങ്ങളാണ് വിക്കീ ലീക്‌സ് പുറത്തുവിട്ടിരുന്നത്.