യുനൈറ്റഡ്‌നേഷന്‍സ്: ലോകത്ത് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 10,000 കുട്ടികളെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടനുസരിച്ച് സായുധസംഘട്ടനങ്ങളിലും ബലാത്സംഗത്തിലൂടെയും സ്‌കൂളുകളില്‍ നടന്ന ആക്രമണങ്ങളിലുമാണ് ഭൂരിഭാഗം കുട്ടികളും കൊല്ലപ്പെട്ടത്.
പട്ടാളക്കാര്‍ കവചമായി ഉപയോഗിച്ചും നിരവധി കുട്ടികളെ കൊലപ്പെടുത്തിയ സംഭവങ്ങളും വിവിധ രാജ്യങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് കുട്ടികള്‍ സംഘട്ടനങ്ങളില്‍ അംഗഭംഗത്തിന് ഇരയായിട്ടുമുണ്ട്.
ഇറാഖ്, മ്യാന്മര്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കിഴക്കന്‍ സുഡാന്‍, സിറിയ, യമന്‍ എന്നിവിടങ്ങളില്‍ നടന്ന സംഘട്ടനങ്ങളിലാണ് കൂടുതല്‍ മരണങ്ങളുമുണ്ടായത്.
അമേരിക്കന്‍ പിന്തുണയോടെ യമനില്‍ നടക്കുന്ന യുദ്ധത്തിലാണ് 1300 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.
മാത്രമല്ല, ചില രാജ്യങ്ങളില്‍ സൈന്യത്തില്‍പോലും കുട്ടികള്‍ സേവനം അനുഷ്ഠിക്കുന്നതായ ഞെട്ടിക്കുന്ന വിവരവും യു.എന്‍ റിപ്പോര്‍ട്ടിലുണ്ട്. നൈജീരിയയില്‍ കുട്ടികളെ മനുഷ്യബോംബായി ഉപയോഗിച്ച സംഭവവുമുണ്ടായി.
ഇറാഖില്‍ ഐ.എസില്‍ ചേര്‍ന്ന മാതാപിതാക്കളുടെ 1036 കുട്ടികള്‍ സൈന്യത്തിന്റെ തടവില്‍ കഴിയുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കി. കിഴക്കന്‍ സുഡാനില്‍ 1221 കുട്ടികളെ സൈന്യത്തില്‍ ചേര്‍ത്ത് പട്ടാളക്കാരായി സേവനം ചെയ്യിക്കുന്നുവെന്നും, സോമാലിയയില്‍ ‘അല്‍ശബാബ്’ തീവ്രവാദ ഗ്രൂപ്പില്‍ 1600 കുട്ടികളെ അംഗങ്ങളാക്കിയെന്നും, സിറിയയില്‍ കുട്ടികള്‍ ദുരന്ത ജീവിതമാണ് നയിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.