ഇസ്രയേല്‍ ഹമാസ് യുദ്ധം തുടങ്ങിയതുമുതല്‍ ഗാസയില്‍ ഐക്യരാഷ്ട്രസഭയുടെ 102 പേർ കൊല്ലപ്പെട്ടെന്ന് യു.എന്‍

ജറുസലേം: ഇസ്രയേല്‍- ഹമാസ് യുദ്ധം തുടങ്ങിയതുമുതല്‍ ഗാസയില്‍ ഐക്യരാഷ്ട്രസഭയുടെ 102 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് യു.എന്‍. എയിഡ് ഏജന്‍സി അറിയിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ആക്രമണത്തില്‍ തങ്ങളുടെ പ്രവര്‍ത്തകനും കുടുംബവും കൊല്ലപ്പെട്ടതായി പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്സ് ഏജന്‍സി അറിയിച്ചു. 27 ജീവനക്കരാണ് നിലവില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത്.

ഇസ്രയേല്‍ അധികൃതരുടെ കണക്കനുസരിച്ച് ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം 1200 പേരാണ് ഇസ്രയേലില്‍ കൊല്ലപ്പെട്ടത്. നവംബര്‍ 13വരെ ഗാസയില്‍ 11180 പേര്‍ കൊല്ലപ്പെട്ടെന്ന് പാലസ്തീന്‍ അധികൃതര്‍ അറിയിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടുചെയ്തു.
ഇസ്രയേല്‍ സൈന്യം ഗാസ നഗരം പൂര്‍ണമായി പിടിച്ചെടുക്കാന്‍ നീങ്ങിയതിനാല്‍ ഗാസാമുനമ്പില്‍ ഹമാസിന് നിയന്ത്രണം നഷ്ടമായെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്‍ഡ് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ടുചെയ്തു. ഇസ്രയേല്‍ സൈന്യം ഗാസ നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും മുന്നേറുകയാണെന്നും ഹമാസ് തെക്കോട്ടു പലായനം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചരിത്രത്തിലാദ്യമായാണ് ഒരു ആക്രമണത്തില്‍ ഇത്രയധികം യു.എന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതെന്നും ഏജന്‍സി വ്യക്തമാക്കി. ഗാസയില്‍ മരിച്ച പ്രവര്‍ത്തകരോടുള്ള ആദരസൂചകമായി ലോകത്തെല്ലായിടത്തുമുള്ള യു.എന്‍. ഓഫീസുകള്‍ക്കുമുന്നിലെ പതാക താഴ്ത്തിക്കെട്ടി ജീവനക്കാര്‍ മൗനം ആചരിച്ചു.

 

Top