വാഷിങ്ടൺ: കോവിഡ് വൈറസ് വകഭേദമായ ഒമിക്രോണിന്‍റെ പശ്ചാത്തലത്തിൽ ഏതാനും രാജ‍്യങ്ങളിൽനിന്നുള്ളർക്ക് ഏർപ്പെടുത്തിയ യാത്ര വിലക്കിനെതിരെ രൂക്ഷ വിമർശനവുമായി യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്.
കോവിഡ് വൈറസിന് അതിർത്തികളില്ല, ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളെയും മേഖലകളെയും ഒറ്റപ്പെടുത്തുന്ന യാത്ര വിലക്കുകൾ അന്യായവും ഫലപ്രാപ്തിയില്ലാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ കൂടുതൽ പരിശോധനക്ക് വിധേയമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഒമിക്രോൺ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങൾക്ക് നിരവധി രാജ്യങ്ങൾ കഴിഞ്ഞദിവസം യാത്ര വിലക്കേർപ്പെടുത്തിയിരുന്നു.
കോവിഡ് വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തുകയും നിർണായക ശാസ്ത്ര, ആരോഗ്യ വിവരങ്ങൾ ലോകവുമായി പങ്കുവെക്കുകയും ചെയ്ത രാജ്യങ്ങളെ ഒറ്റക്കെട്ടായി ശിക്ഷിക്കരുത്. ഉചിതവും ഫലപ്രദവുമായ മാർഗങ്ങളിലൂടെ യാത്രക്കാരെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുകയാണ് വേണ്ടത്.
വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള ഒരോയൊരു മാർഗം ഇതുമാത്രമാണെന്നും യാത്ര, സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥിരീകരിക്കുന്ന ഒമിക്രോൺ വൈറസ് ആദ്യം കണ്ടെത്തിയതിന്‍റെ പേരിൽ തങ്ങളെ ശക്ഷിക്കുകയാണെന്ന് ദക്ഷിണാഫ്രിക്ക കുറ്റപ്പെടുത്തിയിരുന്നു.