യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ; സാഹചര്യം വിലയിരുത്താൻ യുഎൻ രക്ഷാസമിതി ഞായറാഴ്ച ചേരും

ന്യൂയോർക്ക് : ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനു പിന്നാലെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ തിരിച്ചടി കടുപ്പിച്ചതോടെ, സാഹചര്യങ്ങൾ വിലയിരുത്താൻ യുഎൻ രക്ഷാ സമിതി ഞായറാഴ്ച യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പോരാട്ടം കടുത്തതിനു പിന്നാലെ രക്ഷാ സമിതി ചേരണമെന്ന് ബ്രസീൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇസ്രയേലിനെതിരെ കാര്യമായ പ്രകോപനം കൂടാതെ ഹമാസ് നടത്തിയ ആക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അപലപിച്ചു. സംഘർഷം വ്യാപിക്കുന്നത് തടയാൻ എല്ലാത്തരത്തിലുമുള്ള നയതന്ത്ര ഇടപെടലിനായി യുഎൻ സെക്രട്ടറി ജനറൽ ആഹ്വാനം ചെയ്തതായി യുഎൻ വക്താവ് സ്റ്റീഫൻ ദുജാറിക് അറിയിച്ചു.

‘ഈ ഏറ്റുമുട്ടൽ സാരമായി ബാധിക്കുന്ന സാധാരണക്കാരുടെ കാര്യത്തിൽ യുഎൻ സെക്രട്ടറി ജനറൽ ആശങ്കാകുലനാണ്. സംഘർഷത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് അദ്ദേഹം അഭ്യർഥിക്കുന്നു. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങൾ അനുസരിച്ച് സാധാരണ ജനങ്ങളുടെ അവകാശങ്ങൾ എക്കാലവും ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം’ – വക്താവ് അറിയിച്ചു.

Top