കടലില്‍ കുടുങ്ങിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കണം: ബംഗ്ലാദേശിനോട് യുഎന്‍

ജനീവ: കോവിഡിന്റെ പശ്ചാത്തലത്തില്‍ കടലില്‍ കുടുങ്ങിയ 500 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്ന് ബംഗ്ലാദേശിനോട് ഐക്യരാഷ്ട്ര സംഘടന.

ഇവരുടെ രണ്ട് ബോട്ടുകള്‍ക്ക് തീരത്ത് അടുക്കാന്‍ അടിയന്തരമായി അനുമതി നല്‍കണമെന്നും ഭക്ഷണവും കുടിവെള്ളവും ആരോഗ്യ പരിചരണവും ലഭ്യമാക്കണമെന്നും യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബച് ലറ്റ് ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച രാജ്യാന്തര സമുദ്രാര്‍ത്തിയില്‍ രണ്ട് ബോട്ടുകളിലായി എത്തിയ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശ് തീരത്ത് ഇറങ്ങാനുള്ള ശ്രമത്തിലായിരുന്നു എന്നാല്‍ ബംഗ്ലാദേശ് നാവികസേനയും തീരദേശസേനയും ഇതുവരെ അതിന് അനുമതി നല്‍കിയിട്ടില്ല. അതിന് പിന്നാലെയാണ് യുഎന്‍ രംഗത്തെത്തിയത്.

വലിയ മനുഷ്യ ദുരന്തത്തിന് സാധ്യതയുണ്ട്. വിശുദ്ധ റമദാന്‍ മാസത്തില്‍ സഹാനുമതി കാണിക്കണം. ബംഗ്ലാദേശ് തുറമുഖത്ത് ബോട്ട് അടുപ്പിക്കാന്‍ അനുവദിക്കണമെന്നും വിദേശകാര്യ മന്ത്രി എ.കെ അബ്ദുല്‍ മോമന്‍ ഏപ്രില്‍ 24ന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വിദേശത്തുള്ള നിരവധി ബംഗ്ലാദേശ് പൗരന്മാര്‍ രാജ്യത്തേക്ക് മടങ്ങുകയാണ്. അതിനാല്‍ അഭയാര്‍ത്ഥികള്‍ക്കോ വിദേശികള്‍ക്കോ താമസ സൗകര്യം ലഭ്യമാക്കാന്‍ സാധിക്കില്ല. അതിനാല്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഉത്തരവാദിത്തം മറ്റ് രാജ്യങ്ങള്‍ കൂടി ഏറ്റെടുക്കണമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

മലേഷ്യന്‍ തുറമുഖത്ത് ഇറങ്ങാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍.

Top