ന്യൂഡല്‍ഹി: പ്രളയം ദുരിതം വിതച്ച കേരളത്തിനെ സഹായിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. കേരളത്തിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കാമെന്ന് ഐക്യരാഷ്ട്ര സഭ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സഹായങ്ങളാകും ഐക്യരാഷ്ട്ര സഭ നല്‍കുക. ദുരിതാശ്വാസത്തിലും പുനര്‍നിര്‍മാണത്തിലും സഹായിക്കാമെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷം രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, കേരളത്തിനായി ഐക്യരാഷ്ട്രസഭയുടെ സഹായം തേടി ശശി തരൂര്‍ വിദേശത്തേയ്ക്ക് പോയിരുന്നു. സുനന്ദപുഷ്‌ക്കര്‍ മരണവുമായി ബന്ധപ്പെട്ട് തരൂരിന് വിദേശത്തേയ്ക്ക് പോകുന്നതില്‍ വിലക്കുണ്ടായിരുന്നു.
അന്തരിച്ച മുന്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി കോഫി അന്നന്റെ വീട് സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ടാണ് തരൂര്‍ ഡല്‍ഹി പാട്ടിയാല കോടതിയെ സമീപിച്ചത്. തുടര്‍ന്ന് അദ്ദേഹം ജനീവയിലെത്തി കേരളത്തിലെ പ്രളയത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭയെ നേരിട്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്യും.
ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയുടെ നിര്‍ണായക തീരുമാനമെത്തിയത്.