ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ പിടികൂടി ഷെല്‍ട്ടറില്‍ അടക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം. ‘ഫാമിലി ബിലോങ്ങ് റ്റുഗെതര്‍’ സംഘടനയാണ് റാലി സംഘടിപ്പിച്ചത്. അമ്പത് സംസ്ഥാനങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്.
ചെറിയ കുട്ടികളെ പോലും നിര്‍ദാക്ഷിണ്യമായി മാതാപിതാക്കളില്‍ നിന്നും അകറ്റുന്ന നടപടിയെ എന്ത് വിലകൊടുത്തും നേരിടുമെന്നാണ് പ്രകടനക്കാരുടെ ആവശ്യം. അനധികൃത കുടിയേറ്റം നടത്തുന്നതിന് അമേരിക്കന്‍ ജനത എതിരാണെന്നും, എന്നാല്‍ കുട്ടികളോട് കാണിക്കുന്നത് തികച്ചും അനീതിയാണെന്നും സംഘടനാ നേതാക്കള്‍ പരാതിപ്പെട്ടു.
അനധികൃതമായി ആരെങ്കിലും അതിര്‍ത്തി കടന്ന് അമേരിക്കയില്‍ പ്രവേശിച്ചാല്‍ മുന്‍ ഭരണകൂടം സ്വീകരിച്ചതിനേക്കാള്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ടെക്‌സസ് – മെക്‌സിക്കോ അതിര്‍ത്തിയില്‍ മാത്രം 1800 കുടുംബങ്ങളിലെ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും അകറ്റി ഷെല്‍ട്ടറില്‍ പാര്‍പ്പിച്ചിരിക്കയാണെന്ന് ടെക്‌സസ് സിവില്‍ റൈറ്റ്‌സ് പ്രോജക്റ്റ് അറ്റോര്‍ണി നറ്റാലിയ കൊര്‍ണേലിയൊ പറഞ്ഞു.