പ്ലാനോ (ഡാലസ്) : അനധികൃത കുടിയേറ്റക്കാരുടെ തടങ്കലില്‍ കഴിയുന്ന കുട്ടികള്‍ക്ക് നല്‍കുന്ന സഹായത്തിന്റെ ഭാഗമായി പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ് 50,000 ഡോളര്‍ സംഭാവനയായി പ്ലാനോയിലെ പ്രിസ്റ്റന്‍ ഫുഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ലീഡ് പാസ്റ്റര്‍ ജാക്ക് ഗ്രഹാമിനെ ഏല്‍പിച്ചു.
ട്രംപിന്റെ സിറാ ടോളറന്‍സ് പദ്ധതിയുടെ ഭാഗമായി 2000 ത്തിലധികം കുട്ടികളെയാണ് മാതാപിതാക്കളില്‍ നിന്നും അകറ്റി രാജ്യത്തിന്റെ വിവിധ ഡിറ്റന്‍ഷന്‍ സെന്ററുകളിലും ഫെഡറല്‍ പ്രിസണിലുമായി പാര്‍പ്പിച്ചിരിക്കുന്നത്. ടെക്‌സസ് ബോര്‍ഡറില്‍ തടങ്കലില്‍ കഴിയുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുന്നതിന് ധീരമായി മുന്നോട്ടു വന്ന പ്ലാനോ ചര്‍ച്ചിന്റെ നടപടിയെ ട്രംപിന്റെ ഉപദേശക കൂടിയായ ഇവാങ്ക ട്രംപ് അഭിനന്ദിച്ചു.
ഇവാങ്കയുടെ സഹായ ധനം ലഭിച്ചതായി പാസ്റ്റര്‍ ഗ്രഹാമം സ്ഥിരികരിച്ചു. മാതാപിതാക്കളില്‍ നിന്നും അകന്നു കഴിയുന്ന കുട്ടികളോട് അനുകമ്പയുണ്ടെന്ന് ഇവാങ്കയും പ്രഥമ വനിത മെലാനയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.