കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. ബാബു മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസ് സെക്രട്ടറിയായിരുന്ന നന്ദകുമാര്‍, ഈ പദവി ദുരുപയോഗം ചെയ്ത് സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ബാബു നന്ദകുമാറിന് കാര്‍ സമ്മാനമായി നല്‍കിയെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. ബാബുവിന് വരവിനെക്കാള്‍ അധികമായി 45 ശതമാനം സ്വത്ത് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ബാബുവിനെതിരായി കേസെടുത്തത്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ബാബു നല്‍കിയ വിശദീകരണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. ബാബുവിന്റെ ഭാര്യ ഗീതയുടെ പേരില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന്റെ കണക്ക് സംബന്ധിച്ചും മകളുടെ ഭര്‍ത്താവിന്റെ പേരിലുള്ള സ്വത്തുകള്‍ സംബന്ധിച്ചും വിശദീകരണം നല്‍കാനും ബാബുവിന് സാധിച്ചിരുന്നില്ല.