കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ ആറു മാസത്തേയ്ക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സക്കീര്‍ ഹുസൈന്‍ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന് ഒരു വര്‍ഷം മുന്‍പ് നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തി.
ജില്ല സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ടിന് ഒടുവില്‍ സക്കീറിനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാനും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനും സംസ്ഥാന സെക്രട്ടറിയേറ്റിനോട് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.
പാര്‍ട്ടി അംഗത്തിന്റെ തന്നെ പരാതിയില്‍ സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി കമ്മീഷന്‍ നടത്തിയ കണ്ടെത്തലുകളാണ് നടപടിയിലേക്ക് നയിച്ചത്. എറണാകുളത്തെ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ കെ ശിവന്‍ നല്‍കിയ പരാതിയില്‍ സംസ്ഥാന സമിതി അംഗം സിഎം ദിനേശ് മണി ഉള്‍പ്പെടുന്ന മൂന്നംഗ കമ്മിറ്റിയാണ് ആരോപണങ്ങളില്‍ സത്യമുണ്ടെന്ന് കണ്ടെത്തിയത്.