രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചുള്ള ഉത്തരവ് ഇന്നുണ്ടായാല്‍ നാളെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുക്കും. എന്നാല്‍ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസിന് ഉറപ്പൊന്നും കിട്ടിയിട്ടില്ല. നാളെയും മറ്റന്നാളുമായി 12 മണിക്കൂറാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കു ലോക്‌സഭ നീക്കിവച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും.

രാഹുലിന്റെ അംഗത്വം ഇന്നു പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. വെള്ളിയാഴ്ച തന്നെ കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ ഓം ബിര്‍ലയെ കണ്ട് ഇക്കാര്യം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ വിധിപ്പകര്‍പ്പു കിട്ടിയശേഷം അധീര്‍ കാണാന്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ ഒഴിഞ്ഞുമാറിയിരുന്നു. പിന്നീട് ഇതു ലോക്‌സഭാ സെക്രട്ടേറിയറ്റില്‍ ഏല്‍പിക്കുകയായിരുന്നു. മുന്‍പ് മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കുന്നതിലും കാലതാമസമുണ്ടായിരുന്നു. കോടതിയലക്ഷ്യത്തിന് സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അംഗത്വം പുനഃസ്ഥാപിച്ചത്.

അവിശ്വാസപ്രമേയ ചര്‍ച്ച വരെ ഇരുസഭകളിലും മണിപ്പുര്‍ വിഷയത്തിലുള്ള പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്‌സഭ പാസാക്കിയ ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ ഇന്നു രാജ്യസഭ പരിഗണിക്കും. ബിജെഡിയും വൈഎസ്ആര്‍ കോണ്‍ഗ്രസും പിന്തുണയ്ക്കുന്നതിനാല്‍ രാജ്യസഭയിലും ബില്‍ പാസാക്കാനാകും.

Top