പ്രണയിച്ച് വഞ്ചിച്ചുവെന്നാരോപിച്ച് മരുമകളെ കൊലപ്പെടുത്തി അമ്മാവന്‍

ലക്‌നൗ: തന്നെ പ്രണയിച്ച് വഞ്ചിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ മരുമകളെ കൊലപ്പെടുത്തി അമ്മാവന്‍. വിനീത് എന്നയാളാണ് മരുമകളെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. രണ്ട് കുട്ടികളുടെ അമ്മയാണ് മരിച്ച സ്ത്രീ. ഫെബ്രുവരി 14ന് ഭര്‍തൃവീട് ഉപേക്ഷിച്ച് അമ്മാവന്‍ വിനീതിനൊപ്പം നോയിഡയില്‍ താമസം ആരംഭിച്ചിരിക്കുകയായിരുന്നു ഇവര്‍.

വിനീതും സ്ത്രീയും നോയിഡയിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. എന്നാല്‍ യുവതിയുടെ ബന്ധുക്കളും ഭര്‍തൃവീട്ടുകാരും ദില്ലിയിലെ ബന്ധുക്കളെ സമ്മര്‍ദ്ദം ചെലുത്തുകയും തുടര്‍ന്ന് യുവതിയെ മാര്‍ച്ച് ഏഴിന് ഭര്‍തൃവീട്ടുകാര്‍ക്കൊപ്പം അയക്കുകയുമായിരുന്നു. ഇതോടെ വിനീതും യുവതിയും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാനും ധാരണയായി.

വിനീതിനെ മീററ്റിലെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. എന്നാല്‍ തിങ്കളാഴ്ച യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയ ഇയാള്‍ യുവതിയെ നിരവധി തവണ കത്തികൊണ്ട് കുത്തി കൊല്ലുകയായിരുന്നു. തന്നെ ചതിച്ചുവെന്നാരോപിച്ചാണ് ആക്രമിച്ചത്. യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.

 

Top