സമരത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ പോസ്റ്ററുകളാക്കി പ്രദര്‍ശിപ്പിച്ചു

ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റം മാത്രമല്ല ഭരണഘടനയുടെ മൂല്യങ്ങള്‍ക്കേറ്റ ക്ഷതമാണെന്നും കോടതി വിമര്‍ശിച്ചു.

ബോര്‍ഡുകള്‍ നീക്കം ചെയ്ത് മാര്‍ച്ച് 16നകം റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു. ആളുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് യുപി സര്‍ക്കാര്‍ നടപടി. വ്യക്തിവിവരങ്ങള്‍ പരസ്യപ്പെടുത്തിയതിനുപരി, ഭരണഘടനാ മൂല്യങ്ങള്‍ക്ക് പരിക്കേല്‍പിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

ഭരണഘടന, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പെരുമാറേണ്ട സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണ് കേസിലെ പ്രധാനമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഗോവിന്ദ് മാഥുര്‍, രമേശ് സിന്‍ഹ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. പൗരത്വ ഭേദഗതിക്കെതിരെ കഴിഞ്ഞ ഡിസംബര്‍ 19 ന് ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയവരുടെ ഫോട്ടോയും പേരുവിവരങ്ങളുമാണ് ലക്നൗവില്‍ പലയിടത്തും പരസ്യമായി പ്രദര്‍ശിപ്പിച്ചത്.

Top