കൊച്ചി : അണ്ടര്‍ 17 ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം ലക്ഷ്യമാക്കി ജര്‍മ്മനിയും സ്‌പെയിനും ഇന്ന് കളിക്കളത്തിൽ ഇറങ്ങും.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന നിര്‍ണായക മല്‍സരത്തില്‍ ഗിനിയ ആണ് ജര്‍മ്മനിയുടെ എതിരാളികള്‍.
കഴിഞ്ഞമല്‍സരത്തില്‍ ഇറാനോട് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തോറ്റതാണ് ജര്‍മ്മനിയ്ക്ക് തിരിച്ചടിയായത്.
ഇന്നത്തെ മല്‍സരത്തില്‍ ഗിനിയയെ പരാജയപ്പെടുത്തിയാല്‍ ജര്‍മ്മനിയ്ക്ക് പ്രീ ക്വാര്‍ട്ടറിലേയ്ക്ക് മുന്നേറാനാകും.
അതേസമയം രണ്ടുമല്‍സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ഗിനിയയ്ക്ക് ജര്‍മ്മനിയെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ അടുത്തറൗണ്ടിലേയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് കൊച്ചിയില്‍ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി സ്‌പെയിന്‍ ഉത്തര കൊറിയയെ നേരിടും.
ഉത്തരകൊറിയയെ കീഴ്‌പ്പെടുത്തിയാല്‍ സ്‌പെയിന് അനായാസം പ്രീക്വാര്‍ട്ടറിലേക്ക് കടക്കാം. അതേസമയം രണ്ടുമല്‍സരങ്ങളും തോറ്റ ഉത്തരകൊറിയയ്ക്ക് സ്‌പെയിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമേ ലക്ഷ്യം കാണാൻ സാധിക്കു.
ഗോവയില്‍ നടക്കുന്ന മത്സരങ്ങളില്‍ ബ്രസീല്‍ നൈജറിനെയും കോസ്റ്ററിക്ക ഇറാനെയും നേരിടും.
കോസ്റ്റാറിക്ക- ഇറാന്‍ മല്‍സരം വൈകീട്ട് അഞ്ചിനും, ബ്രസീല്‍-നൈജര്‍ മല്‍സരം രാത്രി എട്ടിനുമാണ്.
നിലവില്‍ ബ്രസീലും ഇറാനും പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചിട്ടുണ്ട്.